മറക്കില്ല ഇവരെ, ലിനിയെ ഹീറോ ആക്കി ലോകാരോഗ്യ സംഘടന
കോഴിക്കോട്: രോഗീ പരിചരണത്തിനിടെ നിപാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് ആദരവുമായി ലോകാരോഗ്യ സംഘടന. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡയരക്ടര്‍ ജിം കാംപെല്ലാണ് ലിനി ഉള്‍പ്പെടെ ജോലിക്കിടെ ജീവന്‍വെടിഞ്ഞ മൂന്ന് നഴ്‌സുമാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തത്.
ഇവരെ ഓര്‍ക്കുക, അല്ലെങ്കില്‍ നാം മറക്കും. റസാന്‍ അല്‍ നജ്ജര്‍ (ഗസ്സ), ലിനി പുതുശ്ശേരി (ഇന്ത്യ) സാലോമെ കര്‍വ്വ (ലൈബീരിയ). എന്നായിരുന്നു കാംപെല്ലിന്റെ ട്വീറ്റ്. വുമണ്‍ ഇന്‍ ഗ്ലോബല്‍ ഹെല്‍ത്ത് എന്ന ഹാഷ്്ടാഗിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
നിപയുടെ ആദ്യ ഇരകളിലൊരാളായ സ്വാദിഖിനെ പരിചരിക്കുമ്പോഴാണ് ലിനിക്ക് വൈറസ് ബാധയേറ്റത്. മരണത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു.
ഗസ്സയില്‍ പരുക്കേറ്റ പ്രക്ഷോഭകരെ പരിചരിക്കുന്നതിനിടെ ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച ഫലസ്തീനി നഴ്‌സ് റസാന്‍ അല്‍ നജ്ജര്‍ ഈയിടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ വൈറസ് ബാധയേറ്റ ലൈബീരിയന്‍ ആരോഗ്യ പ്രവര്‍ത്തക സലോമെ കര്‍വ്വ എബോള വൈറസ് ബാധയേറ്റ് മരിച്ചിരുന്നു.
2014 ല്‍ എബോള ബാധയില്‍ നിന്ന് ഭേദപ്പെട്ടെങ്കിലും 2017 ല്‍ പ്രസവത്തിനിടെയുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്. എബോള വൈറസ് ബാധിതര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. 2014 ല്‍ ടൈം മാഗസിന്‍ ഇവരെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."