HOME
DETAILS
MAL
കൊവിഡ് ആരെയാണ് ദുരിതത്തിലാക്കുക?
backup
April 06 2020 | 03:04 AM
കൊവിഡ് - 19 ഇന്ത്യയില്‍ കഠിനമായി പിടിമുറുക്കുമ്പോള്‍ അത് മദ്ധ്യവര്‍ഗത്തെ മാത്രമല്ല ബാധിക്കുക. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ ദശലക്ഷങ്ങള്‍ കഷ്ടപ്പാടുകളുടെ ആഘാതങ്ങള്‍ താങ്ങാനാവാതെ വിഷമിക്കും. അതാണ് വരാന്‍ പോകുന്നത്. ഇന്ത്യയിലെ വരേണ്യവര്‍ഗം ദീര്‍ഘകാലമായി ഭൂമിയില്‍ നിലനില്‍ക്കുന്ന മനസ്സാക്ഷിക്ക് നിരക്കാത്ത അസമത്വങ്ങള്‍ മൂലം സുഖിച്ചു ജീവിക്കുകയാണ്. മഹാമാരിയുടെ വരവോടെ അതിന് ദരിദ്രരുടെ ദുര്‍ബലമായ അതിജീവന സാധ്യതകള്‍ ഇല്ലാതാക്കാന്‍ എളുപ്പമായി. വൈറസിന്റെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ആദ്യ നടപടികള്‍ വീട്ടിലിരുന്നു ജോലിയെടുക്കുക, ഇടക്കിടെ കൈ കഴുകുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ്. ഒടുവില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടില്ലാത്ത ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പും.
സാമൂഹ്യ വിഭജനത്തിന് ആഴം കൂടുന്നു
ഈ ലോക്ക് ഡൗണ്‍ ശരിക്കും അത്യാവശ്യമാണോ, അത് നടപ്പില്‍ വരുത്തുക പ്രായോഗികമാണോ എന്ന കാര്യത്തില്‍ പൊതുജനാരോഗ്യ വിദഗ്ധര്‍ രണ്ടഭിപ്രായക്കാരാണ്. ലോക്ക് ഡൗണ്‍ കാലത്ത് വരുമാനം ഉറപ്പുള്ളവരും അകലം പാലിക്കാന്‍ പറ്റിയ വീടുകളുള്ളവരും ആരോഗ്യ ഇന്‍ഷുറന്‍സുള്ളവരും വെള്ളം സുലഭമായിക്കിട്ടുന്നവരുമായ സമ്പന്ന മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കു മാത്രമേ അടച്ചിടല്‍ സാധ്യമാവൂ എന്ന് വ്യക്തമാക്കേണ്ടിയിരുന്നു. ഇതൊന്നുമില്ലാത്ത നിരാലംബരെ പട്ടിണിയിലേക്കും രോഗബാധയിലേക്കും തള്ളിവിടുന്ന ഒരു തന്ത്രം തിരഞ്ഞടുത്തതിനെ എങ്ങനെയാണ് നമുക്ക് ന്യായീകരിക്കാനാവുക?
ലോക്ക് ഡൗണ്‍ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് വീട്ടിലിരുന്നാല്‍ പണിയില്ലാതിരിക്കുന്ന ദശലക്ഷക്കണക്കിന് നിത്യ കൂലിക്കാരായ തെഴിലാളികളുടെ കാര്യം സര്‍ക്കാര്‍ ഓര്‍ത്തുവോ? അവരില്‍ ഭൂരിപക്ഷം പേരും പലേടത്തായി മാറി മാറി സഞ്ചരിച്ച് പണിയെടുക്കുന്നവരാണ്. പത്തു കോടി വരും ഇവര്‍. നിത്യ കൂലിക്കാരും സ്വയംതൊഴിലെടുക്കുന്നവരും ചവറുപെറുക്കികളും റിക്ഷക്കാരും തെരുവു കച്ചവടക്കാരുമെല്ലാം അവരില്‍ പെടുന്നു. ഭിക്ഷ യാചിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതരായവരും.
അവരില്‍ പലര്‍ക്കും തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ആഹാരം കഴിക്കാനാവശ്യമായ വരുമാനം അന്നന്നത്തേക്ക് സമ്പാദിക്കാന്‍ കഴിയാറില്ല. മഹാമാരി പടരുന്നത് തടയാന്‍ വേണ്ടി അവര്‍ സ്വന്തം ഇഷ്ടപ്രകാരം പട്ടിണി കിടക്കണെമെന്നും അവരുടെ കുട്ടികളെ മരിക്കാന്‍ വിടണമെന്നും സര്‍ക്കാര്‍ വിചാരിക്കുന്നുവോ? പരിചരിക്കുവാന്‍ ആളില്ലാത്ത പ്രായമായവര്‍ക്കും ശാരീരികമായ വൈകല്യങ്ങളുള്ളവര്‍ക്കും പട്ടിണിയുടെ ഈ പ്രതിസന്ധി കൂടുതല്‍ ഭീകരമാണ്. ഓരോ നഗരത്തിലും നടപ്പാതകളും പാലങ്ങള്‍ക്കിടയിലെ പൊടിമണ്ണ് നിറഞ്ഞ ഇത്തിരി വെട്ടങ്ങളുമല്ലാതെ പാര്‍ക്കാന്‍ വേറെ ഇടമില്ലാത്ത ലക്ഷക്കണക്കിന് കുട്ടികളും ആണുങ്ങളും പെണ്ണുങ്ങളുമുണ്ട്. അവരുടെ കാര്യം സര്‍ക്കാര്‍ മറന്നുവോ?
ഫോണിലൂടെ വരുന്ന റെക്കോര്‍ഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ പതിവായി കൈ കഴുകണമെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ ചേരികളിലെ കുടിലുകളിലാണ് കഴിയുന്നത് എന്ന് നാം മറക്കുകയും ചെയ്യുന്നു. അവിടെ ജലവിതരണമില്ല. അവര്‍ ആകെക്കൂടി ഒരു കുപ്പിവെള്ളമായിരിക്കാം വാങ്ങുന്നത്. ചില സമയം ഒരു ദിവസം കിട്ടുന്ന വരുമാനത്തിന്റെ അഞ്ചില്‍ ഒരുഭാഗം വേണ്ടിവരും അതിന്. സ്ഥിര വരുമാനമില്ലാത്തവരുടെ കാര്യം അതിലേറെ കഷ്ടമാണ്. പതിവായി വൃത്തി പാലിക്കുക എന്നത് അവരുടെ വരുമാനത്തിന് അപ്പുറത്തുള്ള വിദൂര ആഢംബരമാണ്.
ശാരീരികമായി അകലം പാലിക്കണമെന്നും സ്വയംമാറിനില്‍ക്കണമെന്നുമുള്ള ഉപദേശവും നമുക്ക് കിട്ടുന്നു. ചേരികളിലും തൊഴിലാളികളുടെ പാടികളിലും ഒറ്റ മുറികളില്‍ നിരവധി പേര്‍ കഴിയുന്ന കുടുംബ സാഹചര്യങ്ങളില്‍ ഇതെങ്ങനെ സാധിക്കും? ആളുകള്‍ തിങ്ങിത്താമസിക്കുന്ന വൃത്തിഹീനമായ സര്‍ക്കാര്‍ അഭയകേന്ദ്രങ്ങളില്‍ പാര്‍ക്കുക മാത്രമേ അവര്‍ക്കു വഴിയുള്ളൂ. അവയാണെങ്കില്‍ പകര്‍ച്ചവ്യാധികളുടെ ഉറവിട കേന്ദ്രങ്ങളാണ് താനും. നിരാലംബരായ ആളുകള്‍ക്ക് യാചക മന്ദിരങ്ങളില്‍ താമസിക്കാന്‍ സാധിക്കുമോ? ആളുകള്‍ തിങ്ങി നിറഞ്ഞ ജയിലുകളിലെ തടവുകാരോ? ജയിലിനുള്ളിലെ ജയിലായ അസമിലെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടച്ചിട്ട ആളുകളുടെ കാര്യം എനിക്ക് മറക്കാന്‍ സാധിക്കുന്നില്ല.
മഹാമാരി ഇന്ത്യയെ മുഴുവനും മുക്കിക്കളയുകയാണെങ്കില്‍ (അല്ലെങ്കില്‍ ആ സമയത്ത്) അതു കൈകാര്യം ചെയ്യാനുള്ള നമ്മുടെ ശേഷിയെക്കുറിച്ച് ചിന്തിക്കുക. പൊതുജനാരോഗ്യരംഗത്ത് ഏറ്റവും കുറച്ച് പണം മുടക്കിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, മിക്ക നഗരങ്ങളും ഏതെങ്കിലും തരത്തിലുള്ള പൊതു പ്രാഥമികാരോഗ്യ സേവനപദ്ധതി ഇല്ലാത്തവയാണ്. രണ്ടു ലക്ഷം പേരെ സേവിക്കാനുള്ള ഒരു ജില്ലാ ആശുപത്രി 20000 രോഗികളെ ചികിത്സിക്കണം എന്നാണ് ജനസ്വാസ്ഥ്യ അഭിയാന്റെ കണക്ക്. പക്ഷേ, അതിന് ആവശ്യമായ കിടക്കകളോ ജീവനക്കാരോ വിഭവ ശേഷിയോ ഇല്ല. ഒരു വെന്റിലേറ്ററെങ്കിലുമുള്ള ആശുപത്രി വിരളം. ഇന്ത്യയിലെ സമ്പന്നരും ഇടത്തരക്കാരും പൊതുആരോഗ്യ സംവിധാനങ്ങളില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുന്നവരാണ്. മനസ്സാക്ഷിക്ക് നിരക്കാത്ത തരത്തിലുള്ള ദരിദ്ര സംവിധാനങ്ങള്‍ പാവങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുന്നു. വിമാനയാത്ര ചെയ്യാന്‍ ശേഷിയുള്ളവര്‍ ഇന്ത്യയിലേക്കു കൊണ്ടുവന്ന ദീനമാണു ഈ മഹാമാരി. അവര്‍ സ്വകാര്യ ആരോഗ്യ സംവിധാനങ്ങള്‍ വിലയ്ക്ക് വാങ്ങുമ്പോള്‍ വൈറസ് ദരിദ്രരെയും ആരോഗ്യപരിപാലനത്തിലേക്ക് പ്രവേശനമില്ലാത്തവരേയും നശിപ്പിക്കുന്നു എന്നതാണ് വൈരുധ്യം.
പൊതുവിതരണ പദ്ധതിക്കു കീഴില്‍ അടുത്ത മൂന്നു മാസത്തേക്ക് പ്രതിമാസം അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ കൂടി നല്‍കുന്നതടക്കമുള്ള ഒരു പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്‍ ധന്‍ യോജന അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് പ്രതിമാസം അഞ്ഞൂറു രൂപ ലഭിക്കും. ഏതാണ്ട് മൂന്നു കോടി വിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മൂന്നു മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ലഭിക്കും. തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് രണ്ടായിരം രൂപ കൂടിയുണ്ട്. രണ്ടു ദിവസത്തെ ശമ്പളവും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യവുമായി, യാതൊരു വിധ ആരോഗ്യ ഇന്‍ഷുറന്‍സുമില്ലാതെ പിടിച്ചു നില്‍ക്കണമെന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും നമ്മുടെ ഭാവി?
ഭക്ഷണവും പണിയും കിട്ടാതെ പൊടുന്നനെ പെട്ടു പോയ കുടിയേറ്റക്കാരായ പണിക്കാര്‍ നൂറുകണക്കിന് നാഴികകള്‍ അകലെയുള്ള സ്വന്തം വീടുകളിലേക്ക് പൊലിസിന്റെ കണ്ണുവെട്ടിച്ച്, അതിര്‍ത്തികള്‍ അടക്കുന്നതിന് മുമ്പ് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ ലോക്ക് ഡൗണ്‍ ഫലപ്രദം അല്ലെന്ന് വ്യക്തമായി കാണിച്ചുതരുന്നു.
എന്തു ചെയ്യണം?
ഔദ്യോഗിക നയങ്ങള്‍ മുഴുവനും മഹാമാരിയോട് പൊരുതാനുള്ള ചുമതല ഭരണകൂടങ്ങളില്‍ നിന്ന് എടുത്തുമാറ്റി പൗരന്റെ തലയില്‍ ചുമത്തുകയാണ്. മഹാമാരി ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് കിട്ടിയ മാസങ്ങള്‍ പരിശോധനക്കും ചികിത്സക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉപയോഗിച്ചതേയില്ല. ഭക്ഷണത്തിനു വേണ്ടിയുള്ള ആസൂത്രണം, ദരിദ്രര്‍ക്ക് സുരക്ഷ, പാവങ്ങള്‍ക്ക് സ്വന്തം നാട്ടിലേക്ക് പോവാനുള്ള സുരക്ഷിതമായ യാത്രാസൗകര്യം, പ്രായം ചെന്നവര്‍ക്കും വികലാംഗര്‍ക്കും നോക്കാന്‍ ആളില്ലാത്ത കുട്ടികള്‍ക്കും, നിരാലംബര്‍ക്കും പ്രത്യേക സംരക്ഷണം ഇവയെല്ലാം ഇതില്‍ പെടുന്നു. ഒന്നും ഉണ്ടായില്ല.
ലോക്ക് ഡൗണ്‍ തുടരുന്ന കാലത്തോളവും തുടര്‍ന്ന് രണ്ടു മാസത്തേക്കും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വീട്ടുകാര്‍ക്ക് 25 ദിവസത്തെ മിനിമം കൂലിക്ക് തുല്യമായ വേതനം നല്‍കണം. പെന്‍ഷന്‍ ഇരട്ടിപ്പിക്കുകയും കാശായി വീട്ടില്‍ എത്തിക്കുകയും വേണം. ചേരിപ്രദേശങ്ങളില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കുടിവെള്ളം ടാങ്കര്‍ ലോറികളില്‍ വിതരണം ചെയ്യണം. റേഷന്‍ സാധനങ്ങള്‍ ഇരട്ടിപ്പിക്കണം. അവയില്‍ പ്രോട്ടീന്‍ സമ്യദ്ധമായ ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണം, അവ വീടുകളില്‍ എത്തിക്കണം. അതിനു പുറമെ ഭവനരഹിതരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒറ്റയ്ക്ക് കഴിയുന്ന കുടിയേറ്റക്കാര്‍ക്കും, ആവശ്യപ്പെട്ടാല്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യേണ്ടത് അടിയന്തരാവശ്യമാണ്. ജയിലുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരല്ലാത്ത എല്ലാ വിചാരണത്തടവുകാരെയും മോചിപ്പിക്കണം. അതേ പോലെ ചെറിയ കുറ്റങ്ങള്‍ക്ക് ജയിലിലടച്ച എല്ലാവരേയും യാചക മന്ദിരങ്ങളിലെ അന്തേവാസികളെയും ഉടനടി മോചിപ്പിക്കണം.
മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്നു ശതമാനം ഇന്ത്യ ഉടനടി ആരോഗ്യസേവന പദ്ധതികള്‍ക്ക് വേണ്ടി നീക്കിവയ്‌ക്കേണ്ടതുണ്ട്. സാര്‍വ്വത്രികമായ പ്രാഥമിക രണ്ടാം ഘട്ട ആരോഗ്യ സംരക്ഷണത്തിനായിരിക്കണം ഊന്നല്‍. ആവശ്യം അടിയന്തിരമാകയാല്‍ സ്‌പെയിനിന്റേയും ന്യൂസിലന്‍ഡിന്റേയും മാതൃകയില്‍ സ്വകാര്യ ചികിത്സാ രംഗം ദേശസാല്‍ക്കരിക്കണം. കൊറോണയുടെ ലക്ഷണവുമായി ചികിത്സക്കെത്തുന്ന ഒരു രോഗിയേയും തിരിച്ചയക്കുകയോ ചികിത്സ നിഷേധിക്കുകയോ ഇല്ലെന്നതിന് ഉടനടി ഒരു ഓര്‍ഡിനന്‍സ് പാസാക്കണം.
ഒരു വിഭാഗം ആളുകള്‍ക്ക് ജോലിയുണ്ട്. അവര്‍ക്ക് പോഷകാഹാരലഭ്യതയുടെ സുരക്ഷിതത്വമുണ്ട്. അവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും ആഗോള നിലവാരത്തിലുള്ള പാര്‍പ്പിടങ്ങളുമുണ്ട്. അതേസമയം മറ്റൊരു വിഭാഗം സുരക്ഷിതമല്ലാത്തതും അനിശ്ചിതവുമായ പണികളുടെ വക്കത്താണ്. വൃത്തിഹീനമായ, വെള്ളമില്ലാത്ത പാര്‍പ്പിടങ്ങളിലാണവര്‍. പൊതുജനാരോഗ്യസേവനങ്ങളുടെ കാര്യത്തില്‍ അവര്‍ക്ക് ഒരു ഉറപ്പുമില്ല. മഹാമാരിക്ക് ശേഷമുള്ള ഇന്ത്യയിലെങ്കിലും നമുക്ക് ഇത് തിരുത്താന്‍ കഴിയുമോ? ഏറ്റവും ചുരുങ്ങിയത് ഈ രാജ്യത്തെ നമുക്ക് കൂടുതല്‍ കരുണാര്‍ദ്രവും നീതിയുക്തവും തുല്യതാപൂര്‍ണ്ണവുമാക്കാന്‍ സാധിക്കുമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."