കെ.എസ്.ആര്‍.ടി.സിക്ക് മലബാര്‍ മേഖലയില്‍ പ്രതിദിനം കനത്ത നഷ്ടം
കോഴിക്കോട്: നിപാ വൈറസ് ഭീതി കാരണം കെ.എസ്.ആര്‍.ടി.സിക്ക് മലബാര്‍ മേഖലയില്‍ കനത്ത നഷ്ടം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവയടങ്ങിയ കോഴിക്കോട് സോണിലാണു കനത്തനഷ്ടം കണക്കാക്കിയിരിക്കുന്നത്. നിപാ ഭീതി പടര്‍ത്തിയ സാഹചര്യത്തിലാണ് വരുമാനം ഗണ്യമായി കുറഞ്ഞിരിക്കുന്നത്.
ജനം കോഴിക്കോട് ജില്ലയിലേക്കും മറ്റു ജില്ലകളില്‍ നിന്ന് കോഴിക്കോട്ടേക്കുമുള്ള യാത്ര കുറച്ചതോടെയാണ് സര്‍വിസ് നടത്തുന്ന ബസുകള്‍ യാത്രികരില്ലാതെ ഓടുന്നത്. ബസ്ചാര്‍ജ് വര്‍ധനയ്ക്കു ശേഷം കോഴിക്കോട് സോണിലെ ഒരുദിവസത്തെ പ്രതീക്ഷിത വരുമാനം ഒരു കോടി, 47 ലക്ഷം രൂപയായി പുതുക്കിനിശ്ചയിച്ചിരുന്നു. അവധി ദിനങ്ങളിലും മറ്റും ഈ നേട്ടത്തിലെത്താനും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന മേഖലയായി മാറാനും കോഴിക്കോടിന് കഴിഞ്ഞിരുന്നു. എന്നാല്‍, നിപാ വൈറസ് ബാധയുടെ ഭീഷണി വന്നതോടെ പ്രതിദിന വരുമാനം കുത്തനെ ഇടിഞ്ഞു. നിപാ സ്ഥിരീകരണത്തിന് മുന്‍പ് മെയ് ആദ്യവാരം 1.15 മുതല്‍ 1.30 കോടി വരെ വരുമാനം കിട്ടിയിരുന്നു. എന്നാല്‍ നിപായില്‍ മരണം സ്ഥിരീകരിച്ചതോടെ ഇത് കുത്തനെ കുറയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കോടിയിലും ചില ദിവസങ്ങളില്‍ ഒരു കോടിയില്‍ താഴെയുമാണ് വരുമാനം.
മേഖലയിലെ മിക്ക ഡിപ്പോകളിലും പ്രതിദിനവരുമാനത്തില്‍ ലക്ഷങ്ങളുടെ കുറവാണുള്ളത്. സോണിലെ മിക്ക ഡിപ്പോകളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നഷ്ടം കണക്കാക്കിയിരിക്കുന്നത് വയനാട് ജില്ലയിലാണ്്. സോണിലെ വരുമാനത്തിന്റെ തോതു നിശ്ചയിക്കുകയും ഏറ്റവും കൂടുതല്‍ സര്‍വിസ് നടത്തുകയും ചെയ്യുന്ന വയനാട് ജില്ലയിലെ മൂന്നു ഡിപ്പോകളിലാണ് വരുമാന നഷ്ടം കൂടുതലുള്ളത്. ജില്ലയിലെ കല്‍പറ്റ ഡിപ്പോയില്‍ നിന്ന് 20, ബത്തേരിയില്‍ നിന്ന് 25, മാനന്തവാടിയില്‍ നിന്ന് 20 എന്നിങ്ങനെയാണ് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന ബസുകളുടെ എണ്ണം. പ്രതിദിനം 30 ലക്ഷം രൂപയാണ് ശരാശരി വരുമാനം കണക്കാക്കിയിരുന്നതെങ്കിലും നിലവില്‍ ഏഴു ലക്ഷം രൂപ വരെയാണ് നഷ്ടം. കോഴിക്കോട്ടേക്കുള്ള ഒറ്റ ട്രിപ്പില്‍ ഇരുപതിനായിരം രൂപ വരെ കലക്ഷന്‍ കിട്ടാറുണ്ടെങ്കിലും നിലവില്‍ ഇത് പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫിസര്‍ കെ. ജയകുമാര്‍ പറയുന്നു.
കൂടാതെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ പ്രധാനപങ്കുവഹിച്ചിരുന്ന മെഡിക്കല്‍ കോളജ് സര്‍വീസിലും യാത്രികര്‍ തീരെയില്ല. വയനാട് നിന്നും രാവിലെ ഏഴ് മുതല്‍ 12 ബസുകളാണ് ഇവിടേക്ക് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ ജില്ലയിലെ താമരശ്ശേരി, തൊട്ടില്‍പ്പാലം, കോഴിക്കോട് ഡിപ്പോകളിലെ വരുമാനം ദിവസവും ഒന്നര ലക്ഷത്തോളം കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."