മുഹമ്മദ് റിയാസ് മുസ്ലിയാര് വധം: നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുടെ പ്രകോപന പ്രസംഗം; അന്വേഷണം അവസാനിപ്പിച്ചു
കാസര്‍കോട്: മംഗളൂരു എം.പി നളിന്‍കുമാര്‍ കട്ടീല്‍ കാസര്‍കോട്ട് നടത്തിയ പ്രകോപന പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിക്കാത്തതിനാല്‍ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചു.
കഴിഞ്ഞ മാസം 18ന് കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ ബി.എം.എസ് സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലെ പ്രകോപനമാണ് പഴയ ചൂരിയിലെ മദ്റസാ അധ്യാപകന് മുഹമ്മദ് റിയാസ് മുസ്ലിയാരുടെ കൊലപാതകത്തിന് ഇടയാക്കിയതെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നിലയില്‍ അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തിന്റെ ഭാഗമായി ടൂര്‍ണമെന്റ് ലൈവായി സംപ്രേഷണംചെയ്ത പ്രാദേശിക ചാനല്‍ അധികൃതര്‍, സംഘാടകര്‍ എന്നിവരില്‍ നിന്ന് പ്രസംഗത്തിന്റെ സിഡികള്‍ വാങ്ങി പരിശോധിച്ചിരുന്നു. എന്നാല്‍, വളരെ ചുരുങ്ങിയ സമയത്തെ പ്രസംഗം മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
അതുതന്നെ എഡിറ്റ് ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലിസ്. ഇനി പ്രസംഗത്തിന്റെ പൂര്‍ണരൂപം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പ്രകോപന പ്രസംഗം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ചത്.
18ന് രാത്രിയിലാണ് താളിപ്പടുപ്പ് മൈതാനിയില്‍ നളിന്‍കുമാര്‍ കട്ടീല്‍ പ്രസംഗിക്കുന്നത്. തുടര്‍ന്ന് 20ന് രാത്രിയിലാണ് മദ്റസാ അധ്യാപകന് പള്ളിക്കകത്ത് കുത്തേറ്റ് മരിക്കുന്നത്. പ്രകോപന പ്രസംഗമാണ് കൊലപാതകത്തിന് കാരണമെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നിരവധി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."