നിയന്ത്രണങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍നിന്ന് നുഴഞ്ഞുകയറിയ 15 പേര്‍ പിടിയില്‍
തൊടുപുഴ: തമിഴ്‌നാട്ടിലെ അതിര്‍ത്തി ജില്ലകളില്‍ കൊവിഡ് 19 വ്യാപകമായിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിച്ച് അതിര്‍ത്തിയിലെ ഒറ്റയടി പാതകള്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച 15 പേര്‍ കേരള പൊലിസിന്റെ പിടിയിലായി. ഇവരില്‍ എട്ടുപേരെ പ്രത്യേക കേന്ദ്രത്തില്‍ നിരിക്ഷണത്തിലാക്കുകയും ഏഴുപേരെ തമിഴ്‌നാട് പൊലിസിന് കൈമാറുകയും ചെയ്തു. സംസ്ഥാന അതിര്‍ത്തിയിലെ അണക്കര, ചെല്ലാര്‍കോവില്‍മേട്, കമ്പംമെട്ട് ഭാഗത്തു കൂടിയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍നിന്നു തൊഴിലാളി സംഘം നുഴഞ്ഞുകയറിയത്. ഇതേ തുടര്‍ന്ന് അതിര്‍ത്തി വഴി തമിഴ്‌നാട്ടില്‍ നിന്നും ആളുകള്‍ കടക്കാതിരിക്കാന്‍ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
കുമളി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട് സ്റ്റേഷനുകളിലെ പൊലിസ് സംഘം അതിര്‍ത്തി മേഖലകളില്‍ 24 മണിക്കൂറും പരിശോധന നടത്തുകയാണ്. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂര്‍, തേനി, ഉത്തമപാളയം, ചിന്നമന്നൂര്‍, തേവാരം, കോമ്പൈ തുടങ്ങി കേരളത്തോട് ചേര്‍ന്നുകിടക്കുന്ന ഒട്ടേറെ സ്ഥലങ്ങളില്‍ കൊവിഡ് ബാധ വ്യാപകമായിട്ടുണ്ട്. ഇവിടെനിന്നുള്ള തൊഴിലാളികളാണ് കേരളത്തിലെ ഏലത്തോട്ടം മേഖലകളില്‍ ജോലിക്ക് എത്തുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന രാമക്കല്‍മേട്, കമ്പംമെട്ട്, മന്തിപ്പാറ, ചതുരംഗപ്പാറ, തേവാരംമെട്ട്, മാന്‍കുത്തിമേട്, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് പൊലിസ് പരിശോധന ശക്തമാക്കിയത്. പരമ്പരാഗത വഴികളും കാനനപാതകളും നിരീക്ഷിക്കുന്നുണ്ട്. ഒരു എസ്.ഐ ഉള്‍പ്പെടെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരാണ് ഓരോ സ്ഥലത്തുമുള്ളത്.
ഇതിനിടെ തമിഴ്‌നാട് പൊലിസിന്റെയും വനം വകുപ്പ് അധികൃതരുടെയും മൗനസമ്മതത്തോടെയാണ് തമിഴ് തൊഴിലാളികള്‍ കാട്ടിനുള്ളിലൂടെ നടന്ന് കേരള അതിര്‍ത്തിയിലെത്തുന്നതെന്നാണ് സൂചന. ചില ഏലത്തോട്ടം ഉടമകള്‍ വിലക്ക് ലംഘിച്ച് രഹസ്യമായി തമിഴ്‌നാട്ടില്‍നിന്നു തൊഴിലാളികള്‍ എത്താന്‍ ഒത്താശചെയ്യുന്നതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."