കൊവിഡ് കാലത്ത് കേസില്‍പ്പെട്ട കുട്ടികള്‍ക്കും കരുതല്‍
തിരുവനന്തപുരം: കേസിലും മറ്റും പെട്ട കുട്ടികള്‍ക്ക് കൊവിഡ് വ്യാപന സമയത്ത് കൂടുതല്‍ ശ്രദ്ധയും സംരക്ഷണവും നല്‍കുവാന്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കരുതല്‍ പദ്ധതി ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ബംഗളൂരു നിംഹാന്‍സിന്റെ സാങ്കേതിക സഹായത്തോടെയും 28 സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയുമാണ് കരുതല്‍ പദ്ധതി നടപ്പാക്കി വരുന്നത്. കൗമാരക്കാര്‍ പൊതുവെ അടങ്ങിയിരിക്കാന്‍ കഴിയാത്തവരായതിനാല്‍ ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ അതീവ ജാഗ്രതയിലായിരുന്നു കാവല്‍ പ്രവര്‍ത്തകരെന്നും അവരുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വളരെയേറെ ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി വിമുക്ത ചികിത്സ കഴിഞ്ഞതും കൂടുതല്‍ ശ്രദ്ധ ആവശ്യമായതുമായ കുട്ടികളെ സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കാണിച്ച മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ചികിത്സയും മരുന്നും ഉറപ്പാക്കുകയും വിഡിയോ കോളുകളിലൂടെ അവബോധ രൂപീകരണം, കൗണ്‍സലിങ് എന്നിവ കൃത്യമായി നല്‍കുകയും ചെയ്യുന്നുണ്ട്. ഇത്തരം കുട്ടികളെ ചില ജില്ലകളില്‍ സാമൂഹിക അടുക്കളകളില്‍ പ്രവര്‍ത്തന പങ്കാളികളാക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളെയും കുടുംബങ്ങളെയും ഒരുമിച്ച് പങ്കെടുപ്പിക്കുന്ന പാചകം, ടിക്‌ടോക് വിഡിയോ, കരകൗശല വസ്തു നിര്‍മാണം, പച്ചക്കറിതോട്ട നിര്‍മാണം, ഫോട്ടോഗ്രാഫി, ചിത്രരചന, കഥാരചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിത്യവും വീടുകളില്‍ കാവല്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
2016 മുതല്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കാവല്‍. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന പദ്ധതി ബാലനീതി ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍, പൊലിസ്, ആരോഗ്യം, വിദ്യാഭ്യാസം, നിയമ സഹായ സമിതി, വിവിധ വകുപ്പുകള്‍ തുടങ്ങി സര്‍ക്കാര്‍ സര്‍ക്കാരിതര സംവിധാനങ്ങളുടെ കൂട്ടായപ്രവര്‍ത്തനമാണ് കാവല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."