ചുണ്ടപ്പാടിയിലെ മദ്യ വില്‍പനശാലയ്‌ക്കെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിന്
കല്‍പ്പറ്റ: ചുണ്ടപ്പാടിയിലെ മദ്യ വില്‍പനശാല നാട്ടുകാര്‍ക്ക് ശല്യമാകുന്നുവെന്നും നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം എത്രയും വേഗം ഇവിടെ നിന്നും മാറ്റണമെന്നും പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 30 മുതലാണ് ബിവറേജ് ഔട്ട്‌ലെറ്റ് ചുണ്ടപ്പാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രദേശവാസികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രൈവറ്റ് ബസ് യാത്ര ചെയ്യുന്ന വെള്ളാരംകുന്ന്-പുഴമുടി റോഡില്‍ ഒരു ബസ് വന്നാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം വീതി കുറഞ്ഞ റോഡില്‍ മദ്യവില്‍പന നടക്കുന്നതിനാല്‍ വാഹനങ്ങള്‍ തോന്നുംപോലെ പാര്‍ക്ക് ചെയ്യുകയാണ്.
ഇതുവഴി സഞ്ചരിക്കുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ബിവറേജ് ഔട്‌ലെറ്റ് ഭീഷണിയാണ്. പുഴമുടി റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. കോളജ്, ക്രിസ്തുരാജ പബ്ലിക് സ്‌കൂള്‍, സെമിനാരി, മൂവട്ടി ആദിവാസി കോളനി, കൂനാമ്മല്‍ കോളനി, തലയാരംകുന്ന് കോളനി, കരുമാലി നായ്ക്കകോളനി, പുഴമുടി സെന്റ് മേരീസ് ദേവാലയം എന്നിവക്കെല്ലാം മദ്യ വില്‍പനശാല ഭീഷണിയാണ്. മദ്യം വാങ്ങാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും മദ്യ വില്‍പനശാലയുടെ സമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും റോഡില്‍ തടസം സൃഷ്ടിക്കുന്നതും പതിവാണ്. അത്യാസന്ന നിലയിലുള്ള രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനുപോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ ഈ മദ്യവില്‍പനശാല പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെ ചുണ്ടപ്പാടിയിലെ സ്വകാര്യവ്യക്തിയുടെ വീട്ടിലാണ്. എത്രയും വേഗം മദ്യവില്‍പനശാല ഇവിടെ നിന്നു മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം കൊടുക്കുമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജെല്‍ത്രൂത് ചാക്കോ, പ്രദേശവാസികളായ ഷെല്‍സ് ജോസ്, എം.ജെ വില്‍സണ്‍, ബാബു മാത്യു, ടി.എ ബല്‍റാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."