ഷെയറിങ് തൊഴിലാളികള്‍ക്ക് പൂട്ട്; ഇനി വാട്‌സ്ആപ്പ് ഫോര്‍വേഡിങ് ഒരാള്‍ക്ക് മാത്രം
വ്യാജവാര്‍ത്തകള്‍ അതിവേഗം പ്രചരിക്കുന്നത് തടയാനും ഓണ്‍ലൈന്‍ ട്രാഫിക്ക് കുറയ്ക്കാനും പുതിയ നിയന്ത്രണവുമായി വാട്‌സ്ആപ്പ്്. വാട്ട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റ് പ്രകാരം തുടര്‍ച്ചയായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഒരു മെസേജ് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമേ ഫോര്‍വേഡ് ചെയ്യാനാവൂ. നിലവില്‍ ഇത് അഞ്ച് പേര്‍ക്കാണ്.
എല്ലാ മെസേജുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. നേരത്തേ അഞ്ചോ അതിലധികമോ തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട മേസേജുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
ലോക്ക്ഡൗണ്‍ കാരണം ആളുകള്‍ ഭൂരിഭാഗവും വീട്ടിലിരിക്കുന്ന സാഹചര്യത്തില്‍ വാട്ട്‌സാപ്പ് ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിരുന്നു. അതോടൊപ്പം വ്യാജവാര്‍ത്തകളുടെ വ്യാപനവും വര്‍ധിച്ചു. ഇത് ഒഴിവാക്കാനാണ് തുടര്‍ച്ചയായി ഫോര്‍വേഡ് ചെയ്യപ്പെടുന്ന ഒരു സന്ദേശം ഒരു സമയത്ത് ഒരാള്‍ക്ക് മാത്രമേ അയക്കാനാവൂ എന്ന നിയന്ത്രണം കൊണ്ടു വന്നത്.
അതേസമയം, ഒരു മെസേജ് കോപ്പി ചെയ്ത് വിവിധ ചാറ്റ് ബോക്‌സുകളില്‍ നേരിട്ട് പേസ്റ്റ് ചെയ്യുന്നതിലൂടെ ഇത് മറികടക്കാനാവും.
വാട്‌സ്ആപ്പിന്റെ അടുത്ത കാലത്തിറങ്ങിയ ബീറ്റ വേര്‍ഷനുകളില്‍ നിരന്തരം ഫോര്‍വേഡ് ചെയ്യപ്പെടുന്ന മെസേജുകളുടെ സത്യാവസ്ഥ വെബില്‍ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. മെസേജിന് തൊട്ടുത്തുള്ള മാഗ്‌നിഫൈയിങ് ഗ്ലാസ് ഐക്കണ്‍ ഉപയോഗിച്ചാണ് വെബ്‌സെര്‍ച്ച് സാധ്യമാക്കുന്നത്.
മെസേജ് ഫോര്‍വേഡിങിന് പരിധി നിശ്ചയിക്കുന്ന വാട്‌സ്ആപ്പ് അപ്‌ഡേഷന്‍ ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഉടന്‍ ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."