അങ്ങാടി വലിയ ജുമാമസ്ജിദ്; പഴമയുടെ പ്രൗഢി
നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയുടെ പ്രൗഢിയുമായി ശ്രദ്ധേയമാണ് പരപ്പനങ്ങാടി അങ്ങാടി വലിയ ജുമാമസ്ജിദ്. ഒന്നര നൂറ്റാണ്ട് മുന്‍പാണ് ഈ പള്ളിയുടെ നിര്‍മാണം. നൂറ്റാണ്ടുകള്‍ക്കു മുന്‍പു മമ്പുറം തങ്ങളുടെ ശിഷ്യനും സൂഫീവര്യനുമായ അവുക്കോയ മുസ്‌ലിയാര്‍ പണികഴിപ്പിച്ചതാണ് കടപ്പുറത്തോടു ചേര്‍ന്ന വലിയ ജുമാമസ്ജിദ്.
ഈ പള്ളിക്കു നൂറ്റാണ്ടുകളുടെ ചരിത്ര പൈതൃകമുണ്ട്. ഹിജ്‌റ 112ല്‍തന്നെ ഇവിടെ മസ്ജിദ് ഉണ്ടായിരുന്നതായി ചരിത്രത്തിലുണ്ട്. ഒന്നര നൂറ്റാണ്ട് മുന്‍പു പരപ്പനങ്ങാടിയിലെ വന്‍ കടലാക്രമണത്തില്‍ ഈ പള്ളി തകര്‍ന്നിരുന്നു. തുടര്‍ന്നാണ് അല്‍പം കിഴക്കു മാറി അവുക്കോയ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പള്ളി പുതുക്കിപ്പണിതത്. നേരത്തെയുണ്ടായിരുന്ന പള്ളിയുടെ ശേഷിച്ച മര ഉരുപ്പടികളും മറ്റു ഭാഗങ്ങളും കൊണ്ടുവന്നാണ് നിര്‍മാണം നടത്തിയത്.
നിലവിലുള്ള മിമ്പറിനും 156 വര്‍ഷത്തെ ചരിത്രമുണ്ട്. ഹിജ്‌റ 1283ല്‍ കിഴക്കിനിയകത്ത് കുഞ്ഞിക്കോയാമുട്ടി നഹയാണ് പണികഴിപ്പിച്ചതെന്നു മിമ്പറില്‍ കൊത്തിവച്ചിട്ടുണ്ട്.
സൂഫീവര്യനായ അവുക്കോയ മുസ്‌ലിയാരുടെ മഖ്ബറയും ഈ പള്ളിയോടു ചേര്‍ന്നാണ്. ഈജിപ്ത്, ബഗ്ദാദ് എന്നിവിടങ്ങളില്‍ മതപഠനം നടത്തിയ അവുക്കോയ മുസ്‌ലിയാര്‍ ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് തുടങ്ങിയ ദീനീ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ പ്രാഗത്ഭ്യം നേടിയ പണ്ഡിതനായിരുന്നു. ഉമര്‍ഖാസിയുടെ ശിഷ്യനാണ് ഇദ്ദേഹം.
മമ്പുറം തങ്ങളുടെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍, താനൂര്‍ അബ്ദുര്‍റഹിമാന്‍ ഷെയ്ഖ് തുടങ്ങിയവര്‍ അവുക്കോയ മുസ്‌ലിയാരുടെ ശിഷ്യരിലെ പ്രധാനികളാണ്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളിയില്‍ ഇന്നും പള്ളി ദര്‍സ് തുടര്‍ന്നുവരുന്നു. അരനൂറ്റാണ്ടിലധികമായി പ്രസിദ്ധ പണ്ഡിതനും സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ എന്‍.കെ മുഹമ്മദ് മുസ്‌ലിയാരാണ് ഇവിടെ ദര്‍സ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."