അനുഗ്രഹങ്ങളുടെ ശഅ്ബാനും ബറാഅത്തും
മഹത്വം, ഉയര്‍ച്ച, ഗുണം, പിണക്കം, പ്രകാശം എന്നീ അര്‍ഥങ്ങളില്‍ അഞ്ച് അക്ഷരങ്ങള്‍ ഉള്‍ക്കൊണ്ട ശഅ്ബാന്‍ മാസം മഹത്തരമാണ്. സ്രഷ്ടാവ് ഈ അഞ്ചു സദ്ഗുണങ്ങളുടെ കവാടങ്ങള്‍ ഈ മാസത്തില്‍ തുറക്കുന്നു. സുകൃതങ്ങള്‍ വര്‍ഷിക്കുകയും പാപമോചനം നല്‍കുകയും ചെയ്യുന്നു. നബി (സ)യുടെ മാസം എന്നനിലയില്‍ അറിയപ്പെട്ട മാസമാണ് ശഅ്ബാന്‍. പ്രവാചകന്‍ (സ)യുടെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കല്‍പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തം അവതരിച്ച മാസം കൂടിയാണ് ശഅ്ബാന്‍.
ഈ മാസം ആദ്യാന്ത്യം നാം പ്രത്യേകമായി സ്വലാത്ത് ചൊല്ലണം. മറ്റു മാസങ്ങളില്‍ ഒരു സ്വലാത്തിന് 10 പ്രതിഫലം ലഭിക്കുമ്പോള്‍ ശഅ്ബാനില്‍ അത് 900 ഇരട്ടി ആയി വര്‍ധിക്കുന്നു. കൂടാതെ സ്വലാത്ത് ചൊല്ലുന്നവരുടെ മൂന്നുദിവസത്തെ തെറ്റുകള്‍ രേഖപ്പെടുത്തരുതെന്ന് അല്ലാഹു മലക്കുകള്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്നു (ബുസ്താനുല്‍ ഫുഖറാ).
റജബില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കാനായിരുന്നു കല്‍പനയെങ്കില്‍ ശഅ്ബാനില്‍ സ്വലാത്ത് വര്‍ധിപ്പിക്കുവാനും റമദാനില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കാനുമാണ് ഹദീസ് കല്‍പന. കൂടാതെ റമദാനില്‍ സൂറത്ത് ഇഖ്‌ലാസ് ധാരാളമായി ഓതണം. നരകമോചനമാണതിന്റെ പ്രതിഫലം. സ്വലാത്ത് കൊണ്ട് നബിയുടെ ശഫാഅത്ത് (ശുപാര്‍ശ) ലഭിക്കുന്നു. എട്ടു പ്രത്യേക രാവുകള്‍ നല്‍കി അല്ലാഹു നബി(സ)യെ ആദരിച്ചു. ലൈലത്തുല്‍ ഖദ്ര്‍, ബലിപെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, ചന്ദ്രനെ രണ്ട് പിളര്‍പ്പാക്കിയ രാവ്, ഇസ്‌റാഅ് മിഅ്‌റാജ് രാവ്, ലൈലത്തുല്‍ ഖിദ്മ (അഥവാ സമുദായത്തിന് വേണ്ടി ശഫാഅത്ത് തേടി കൊണ്ട് നബി(സ) പ്രാര്‍ഥനയിലൂടെ കാര്യസാധ്യത നേടിയ രാവ്, ശഅ്ബാന്‍ 13,14 രാവുകള്‍) ലൈലത്തു റഹ്മത്ത്, ശഅ്ബാന്‍ പതിനഞ്ചാം രാവിലെ ബറാഅത്ത് രാവ്.
നബി (സ) ശഅ്ബാനില്‍ ധാരാളം നോമ്പെടുക്കാറുണ്ടായിരുന്നെന്ന് ആഇശ (റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസ് ബുഖാരി (150), അബൂദാവൂദ് (2336) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശഅ്ബാന്‍ മാസപ്പിറവി ദൃശ്യമായാല്‍ നബി (സ) അനുചരന്‍മാര്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകാറുണ്ടായിരുന്നെന്ന് ഇമാം ബുഖാരി അദബുല്‍ മുഫ്‌റദിലും, തിര്‍മുദിയും ഇബ്‌നുമാജയും അവരുടെ സുനനുകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുണ്യമായ റമദാനിന്റെയും പരിശുദ്ധ റജബിന്റെയും ഇടയില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണ് പൂര്‍വികര്‍ ഈ മാസത്തെ നന്നായി പരിഗണിച്ചു വന്നത്.
നബി (സ) ശഅ്ബാന്‍ മാസത്തിലെ അയ്യാമുല്‍ ബീളില്‍ ആഇശ(റ)യുടെ വീട്ടിലായിരുന്നു താമസം. മഹതിയുടെ അനുവാദത്തോടെ നബി(സ) ജന്നത്തുല്‍ ബഖീഇന്റെ ഓരത്ത് സുജൂദില്‍ ഉമ്മത്തിന്റെ നരക മോചനത്തിനുള്ള ശുപാര്‍ശക്ക് അനുവാദം തേടി കരഞ്ഞു പ്രാര്‍ഥിച്ചു. പതിമൂന്നാം രാവില്‍ മൂന്നിലൊരുഭാഗത്തിന്റെ ശഫാഅത്തിന് അല്ലാഹു അനുവാദം നല്‍കി. റസൂല്‍(സ) പകല്‍ വ്രതം എടുത്തും രാത്രി ധ്യാനിച്ചും പതിനാലാം രാവില്‍ മൂന്നിലൊരുഭാഗത്തിന്റെ കാര്യം കൂടി അനുവാദം വാങ്ങി. റസൂല്‍(സ) അടങ്ങിയില്ല. പതിനഞ്ചാം രാവിലും (ബറാഅത്ത് രാവില്‍) അതേപ്രകാരം ആരാധനയില്‍ മുഴുകി. അന്ന് ഉമ്മത്തിന്റെ മുഴുവനായുള്ള ശഫാഅത്തിന്റെ അനുവാദം അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് മലക്ക് ജിബ്‌രീല്‍ (അ) സന്തോഷവാര്‍ത്ത അറിയിച്ചു. ആ നരകമോചനത്തെ സൂചിപ്പിച്ചുകൊണ്ടാണ് നാം ബറാഅത്ത് (മോചനം) രാവ് എന്ന് പറയുന്നത്.
സൂറത്തു ദുഖാന്‍ ഒന്നു മുതല്‍ നാലു കൂടിയ സൂക്തങ്ങള്‍ ഈ രാവിനെ കുറിച്ച് നമ്മെ ഉണര്‍ത്തുന്നു. 'ഹാമീം' എന്നാണ് സൂറത്തിന്റെ തുടക്കം. വിചാരണ നാള്‍ വരെ നടക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹു കണക്കാക്കിയിരിക്കുന്നുവെന്നും കാര്യം അല്‍പം ഗൗരവമേറിയതാണെന്നതിലേക്ക് സൂചനയാണ് ഈ രണ്ട് അക്ഷരങ്ങള്‍ കൊണ്ടുള്ള തുടക്കം. അനുഗ്രഹം, അനുമോദനം, സലാം തുടങ്ങിയ ജനോപകാരപ്രദമായ കാര്യങ്ങളുടെ അവതരണം ലൈലത്തുല്‍ ഖദ്‌റില്‍ നടക്കുമ്പോള്‍ ഉപജീവന മാര്‍ഗത്തിന്റെ ഭാഗമായ ജീവിതം, മരണം, ആരോഗ്യം, അനാരോഗ്യം മുതലായവ അവതരിപ്പിക്കുന്നതും തീരുമാനിക്കുന്നതും ബറാഅത്ത് രാവിലാണ്. ഓരോരുത്തര്‍ക്കും ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് കണക്കാക്കുന്ന രാവാണ് ഇത്. കൂടാതെ വ്യവസ്ഥാപിതമായി ആ രാവില്‍ അല്ലാഹു സകലര്‍ക്കും പാപമോചനവും നല്‍കുന്നു.
ജനനനിരക്ക്, മരണനിരക്ക്, ഹജ്ജില്‍ സംബന്ധിക്കുന്നവരുടെ കണക്ക്, കൂടാതെ വിവാഹജീവിതവും വീട് നിര്‍മാണവും കണക്കാക്കുന്നു. പരസ്യമായി തെറ്റില്‍ മുഴുകാത്തവര്‍ക്ക് സകല തെറ്റുകളും പൊറുക്കുകയും പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്യും എന്ന് ഹദീസില്‍ കാണാം. ആകാശത്തിലെ ഏഴ് കവാടങ്ങളിലും മലക്കുകള്‍ ബറാഅത്ത് രാവില്‍ വിശ്വാസികള്‍ക്കായി പ്രാര്‍ഥിക്കുന്നു. എപ്പോഴും വന്‍ദോഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് ആ പ്രാര്‍ഥന ഫലം ചെയ്യില്ല. (ഇബ്‌നുമാജ 1388). അല്ലാഹുവില്‍ പങ്കുകാരെ കൂട്ടി അവര്‍ക്ക് ആരാധിക്കുന്നവര്‍ക്കും കൂടോത്രം ചെയ്യുന്നവര്‍ക്കും പൊറുക്കുന്നതല്ലെന്ന് ഇമാം അഹ്മദ് (2176) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇമാം ബൈഹഖി ആഇശ(റ) യില്‍ നിന്ന് നിവേദനം, നബി (സ) പ്രസ്താവിച്ചു; ജിബിരീല്‍ എന്റെ അരികെ വന്നു ഇപ്രകാരം പറഞ്ഞു, ഇത് ശഅ്ബാന്‍ പകുതിയിലെ രാവാണ്. ഇന്ന് അല്ലാഹു ബനീ ഖല്‍ബ് ഗോത്രക്കാരുടെ മൃഗങ്ങളുടെ ദേഹത്തിലുള്ള രോമങ്ങളുടെ എണ്ണത്തിന് സമാനമായി അനവധി പേര്‍ക്ക് നരക മോചനം നല്‍കുന്നു. പക്ഷേ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവര്‍, കൂടോത്രക്കാര്‍, പിണങ്ങിക്കഴിയുന്നവര്‍, കുടുംബ ബന്ധം മുറിക്കുന്നവര്‍, ഞെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നവര്‍, മാതാപിതാക്കളെ വെറുപ്പിച്ചവര്‍, മദ്യം വാറ്റുകയും അത് കഴിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അല്ലാഹുവിന്റെ കരുണയുടെ തിരുനോട്ടം ലഭിക്കുന്നതല്ല (തിര്‍മുദി 739). (അറബികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആടുകളെ വളര്‍ത്തുന്നവരായിരുന്നു ബനീ ഖല്‍ബ് ഗോത്രക്കാര്‍. ആടുകളുടെ രോമത്തിന്റെ എണ്ണത്തിന് സമാനം എന്നാല്‍ അത്രത്തോളം പൊറുക്കപ്പെടുമെന്ന് സാരം.)
ശഅ്ബാന്‍ പകുതിയുടെ രാവിന് പണ്ഡിതന്മാര്‍ ഏഴു പേരുകള്‍ നല്‍കിയിരിക്കുന്നു. ലൈലത്തു തശ്‌രീഫ്, ലൈലത്തു സ്വക്ക്, ലൈലത്തുല്‍ ബറാഅത്ത്, ലൈലത്തു ശ്ശഫാഅത്ത്, ലൈലത്തുല്‍ മുബാറക, ലൈലത്തു തഖ്ദീര്‍, ലൈലത്തു റഹ്മ. നബിയേയും മതത്തിനെയും ഉമ്മത്തിനെയും ആദരിച്ച രാവായതിനാല്‍ തശ്‌രീഫ് രാവ് എന്നും എല്ലാവരുടെയും കണക്കുകള്‍ എഴുതി രേഖപ്പെടുത്തുന്നതിനാല്‍ 'സ്വക്ക്' രാവ് എന്നും പറയുന്നു.
ബറാഅത്ത് രാവില്‍ ആരാധനയില്‍ മുഴുകി ഉറക്കമൊഴിക്കുന്നവര്‍ക്ക് ഹൃദയം മരിക്കും നാളില്‍ ഹൃദയത്തിന് അല്ലാഹു ജീവന്‍ നല്‍കുന്നതാണെന്ന് അഥവാ ഈമാനോടെ മരിക്കുവാന്‍ അവസരം ഉണ്ടാകുമെന്ന് അലി(റ)യില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ കാണാം.
ബറാഅത്ത് നാളില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുവാനും ഇശാ - മഗ്‌രിബിന് ഇടയില്‍ സൂറത്ത് ദുഖാനും ഫാതിഹയും ഓതി പ്രാര്‍ഥിക്കുവാനും പൂര്‍വകാല പണ്ഡിതന്മാര്‍ നിര്‍ദേശിക്കാറുണ്ട്. ഒന്നില്‍ ദീര്‍ഘായുസിനെയും രണ്ടില്‍ വിപത്ത് നീങ്ങുവാനും മൂന്നില്‍ ഐശ്വര്യത്തിന് വേണ്ടിയുമുള്ള നിയ്യത്തോടെ പ്രാര്‍ഥിക്കണം (അല്‍ മഫാഹീം, ഫതഹുല്‍ മലികില്‍ മജീദ് ലിനഫ്ഇല്‍ അബീദ് ). വ്രതം, നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ, തസ്ബീഹ്, സ്വലാത്ത് എന്നിവയിലും, ദര്‍സ്, ചരിത്രവായന, ഹദീസ് പഠനം, നസീഹത്ത് എന്നിവകൊണ്ട് രാത്രിയെയും ബറാഅത്തിന്റെ രാവിനെയും പകലിനെയും ധന്യമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."