കണ്ടം വഴി ഓട്ടം, കിടിലന്‍ കമന്ററി; ചിരിപ്പിച്ച് കൊല്ലുംലോക്ക് ഡൗണ്‍ കാലത്തെ ഡ്രോണ്‍ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടുന്നവരെ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും പൊലിസ് തുടങ്ങിയ ഡ്രോണ്‍ നിരീക്ഷണത്തിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
പൊതു നിരത്തുകളില്‍ പൊലിസ് പരിശോധന ശക്തമായതോടെ നാട്ടിന്‍പുറങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നു എന്ന് മനസിലാക്കിയതോടെയാണ് ഡ്രോണ്‍ കാമറകളുപയോഗിച്ചുള്ള നിരീക്ഷണം നടത്താന്‍ പൊലിസ് തീരുമാനിച്ചത്. പൊലിസിന്റെ സ്വന്തമായുള്ള ഡ്രോണ്‍ കാമറകള്‍ക്ക് പുറമേ ഡ്രോണ്‍ ഉടമകളുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് നിരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പാടത്തും പറമ്പുകളിലും കടല്‍ത്തീരത്തും കായലോരങ്ങളിലും മറ്റും നിന്നുള്ള ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് കേരളാ പൊലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിരിപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ക്രിക്കറ്റിന്റെ കമന്ററിയും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും കൂടിച്ചേര്‍ന്നതോടെ വിഡിയോ വൈറല്‍.
കമന്റുകളില്‍ ചിരിപൂരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ബുള്ളറ്റ് ഷോട്ടുകളായാണ് കണ്ടം വഴിയുള്ള പലരുടെയും നെട്ടോട്ടത്തെ കേരളാ പൊലിസ് വിവരിക്കുന്നത്.
കൊഹ്‌ലിയുടെ കവര്‍ ഡ്രൈവും ബുള്ളറ്റ് ഷോട്ടും ഗവാസ്‌കറുടെ ബൗണ്ടറിയിലേക്കുള്ള ഗോള്‍ഡന്‍ എഫേര്‍ട്ടും വിക്കറ്റിന് തീരുമാനമാകാതെയുള്ള അമ്പയറുടെ ഡിസിഷന്‍ റിവ്യൂ സിസ്റ്റവും (ഡി.ആര്‍.എസ്) വിവരിക്കുന്ന കമന്ററിയുമെല്ലാം ദൃശ്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തെങ്ങിന് പിന്നില്‍ മറഞ്ഞു നില്‍ക്കുന്നയാള്‍ ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജിലേക്ക് കയറിയ പന്തിന്റെ കമന്ററിക്കൊപ്പമുള്ള ദൃശ്യത്തില്‍ ഇടം പിടിച്ചതാണ് കൂടുതല്‍ പേരെ ചിരിയിലാക്കിയതെന്ന് കമന്റുകളില്‍ നിന്ന് വ്യക്തമാകുന്നു.
വിഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. ഇതേസമയം ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണെന്നും കേരള പൊലിസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിലും കുറ്റവാളികളുടെ എണ്ണത്തിലും ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."