ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടിനു തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു
ചങ്ങനാശേരി: കുടുംബ കലഹത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടിനു തീകൊളുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പായിപ്പാട് വെള്ളാപ്പള്ളി കാര്യാകോട്ടാല്‍ പുതുപ്പറമ്പില്‍ പള്ളിക്കച്ചിറ അലക്‌സ് എന്നു വിളിക്കുന്ന കുഞ്ഞിരാമന്‍ (52) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയായ കാര്‍പെന്റര്‍ തൊഴിലാളി കുഞ്ഞിരാമന്‍ 12 വര്‍ഷമായി പായിപ്പാട്ട് വെള്ളാപ്പള്ളിയില്‍ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. വീട്ടില്‍ കുടുംബ കലഹം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയും കുടുംബകലഹം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് ഭാര്യയും മകളും അമ്മയും സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു.
തിങ്കളാഴ്ച്ച രാത്രി മഴ ശക്തമായതോടെ വീടിനുള്ളില്‍ കയറിയ കുഞ്ഞിരാമാന്‍ പുറത്തേയ്ക്കുള്ള വാതിലുകള്‍ അടച്ചശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. 7.30 ഓടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. അത്യുഗ്ര സ്‌ഫോടന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും തീ പടര്‍ന്നതിനാല്‍ വീടിനു അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പായിപ്പാട്ട് കവലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നൂറു കണക്കിന് പൊലിസുകാരും ഓടിയെത്തിയിരുന്നുവെങ്കിലും തീ ആളിപടര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി, തിരുവല്ല ഫയര്‍ സ്റ്റേഷനില്‍ നിന്നായി നാല് വാഹനങ്ങളില്‍ എത്തിയ സംഘമാണ് തീ അണച്ചത്.
തീ അണച്ചതിനുശേഷം വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കുഞ്ഞിരാമന്റെ മൃതദേഹം കണ്ടത്. സ്‌ഫോടനത്തെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയും ഭിത്തികളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും വീട്ടു സാധനങ്ങളും ചിതറിതെറിച്ചിരുന്നു.
തൃക്കൊടിത്താനം സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ പൊലിസിന്റെ പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: ബിന്ദു കുമാരി. മകള്‍: അക്‌സ. മാതാവ്: ശാന്തമ്മ രാജപ്പന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."