വെസ്റ്റ് ബാങ്കിലെ പുതിയ ജൂതകുടിയേറ്റ നീക്കത്തിനെതിരേ യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ജൂതകുടിയേറ്റത്തിനായി പുതിയ കെട്ടിടനിര്‍മാണം ആരംഭിക്കാനുള്ള ഇസ്റാഈല്‍ നീക്കത്തിനെതിരേ ഐക്യരാഷ്ട്രസഭ രംഗത്ത്. ഇസ്റാഈല്‍ സുരക്ഷാ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തില്‍ നിരാശ രേഖപ്പെടുത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കൂടുതല്‍ നടപടികളുമായി ഇസ്റാഈല്‍ മുന്നോട്ടുപോയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഗുട്ടറസിന്റെ വക്താവ് സ്റ്റെഫനെ ദുജാറിക് ആണ് ഇക്കാര്യം അറിയിച്ചത്.
ഫലസ്തീനികളുടെയും ഇസ്റാഈലുകാരുടെയും സ്വസ്ഥമായ ജീവിതത്തിനു വിഘാതമാകുന്ന എല്ലാ നീക്കത്തെയും അപലപിക്കുകയാണ്. ദ്വിരാഷ്ട്ര ഫോര്‍മുലയെ അവഗണിക്കുകയും മേഖലയുടെ സമാധാനത്തിന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ഏകപക്ഷീയമായ കുടിയേറ്റ നീക്കങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും ഗുട്ടറസ് മുന്നറിയിപ്പ് നല്കി. ഫലസ്തീന് നഗരമായ റാമല്ലക്കടുത്ത് എമെക് ഷിലോയിലാണ് പുതിയ നിര്‍മാണ പദ്ധതികള്‍ക്ക് ഇസ്റാഈല്‍ നീക്കം നടത്തുന്നത്. 2,000ത്തോളം വീടുകളാണ് ഇവിടെ നിര്‍മിക്കുന്നത്. കുടിയേറ്റ നീക്കത്തിന്റെ ഭാഗമായി ഇസ്റാഈല്‍ പ്രദേശത്ത് 900 ചതുരശ്ര കി. മി സ്ഥലം സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."