ജൈവവൈവിധ്യ പരിപാലനത്തില്‍ ബഹുജനപിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ജൈവവൈവിധ്യ സമ്പുഷ്ടമായ കേരളത്തില്‍ ഇവയുടെ പരിപാലനത്തിന് ബഹുജനങ്ങളുടെ പിന്തുണ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്ന പ്രായോഗികമായ പദ്ധതികള്‍ക്കും ഇടപെടലുകള്‍ക്കുമാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവില്‍ ജൈവവൈവിധ്യ മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന മ്യൂസിയമാണ് വള്ളക്കടവില്‍ യാഥാര്‍ഥ്യമായത്. പരിസ്ഥിതി, ഭൗമമണ്ഡലം, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളില്‍ വ്യക്തമായ ധാരണ നല്‍കാന്‍ മ്യൂസിയം സഹായമാകും. പരിസ്ഥിതി പ്രശ്‌നം സമൂഹം ഗൗരവമായി എടുക്കണം. നാടിന്റെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവുമുണ്ടാകണം. അതിനുള്ള ഉദാഹരണമാണ് ഹരിതകേരളം മിഷന്‍. പലതരത്തിലുള്ള ജനകീയ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ വരുന്നുണ്ട്. കിള്ളിയാര്‍ സംരക്ഷണത്തിനുള്ള നടപടികളാണ് ഒടുവിലത്തെ ഉദാഹരണമെന്ന് അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു.ചടങ്ങില്‍ സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ വിശിഷ്ടാതിഥിയായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത് പി.ബി.ആര്‍ സോഫ്റ്റ്‌വെയര്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ. കേശവന്‍, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, കൗണ്‍സിലര്‍ ഷാജിതാ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിസ്ഥിതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ സ്വാഗതവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എസ്.സി. ജോഷി നന്ദിയും പറഞ്ഞു.
കേരളത്തിന്റെ ജൈവവൈവിധ്യം, വിവിധ ആവാസവ്യവസ്ഥകള്‍, വംശനാശം സംഭവിച്ചതും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍, ജന്തുക്കള്‍ മുതലായവരെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് പകരുന്നതിനാണ് ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇന്ററാക്ടീവ് പാനലുകള്‍, വീഡിയോകള്‍, ത്രീഡി തീയറ്റര്‍, മള്‍ട്ടിമീഡിയ പ്രൊജക്ഷനുമായി 'സയന്‍സ് ഓണ്‍ സ്പിയര്‍', ജീവന്‍ തുളുമ്പുന്ന മോഡയുകള്‍, മറ്റ് വിവിധ തരം പ്രദര്‍ശനസാമഗ്രികള്‍ എന്നിവ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്. തിങ്കളാഴ്ച ഒഴികെയുള്ള ദിനങ്ങളില്‍ രാവിലെ 10.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് സന്ദര്‍ശനസമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."