ട്വിറ്ററില്‍ തിളങ്ങലല്ല പ്രതിപക്ഷ പ്രവര്‍ത്തനം
അവസരങ്ങളെ തനിക്കനുകൂലമായ സാധ്യതകളാക്കി മാറ്റുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അസാമാന്യമായ മിടുക്കുണ്ട്. ഈ കഴിവ് യഥാസമയം പ്രയോജനപ്പെടുത്തിയാണ് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പദവിയിലേക്ക് അദ്ദേഹം എത്തിയത്. ഒന്നാം മോദി ഭരണം പരാജയമായിരുന്നിട്ടു പോലും രണ്ടാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചായിരുന്നു രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്.
കര്‍ഷകരുടെ അതിശക്തമായ പ്രതിഷേധസമരങ്ങളും നോട്ടു നിരോധനം സൃഷ്ടിച്ച സാമ്പത്തികത്തകര്‍ച്ചയും ജി.എസ്.ടിയുടെ അശാസ്ത്രീയമായ നടപ്പാക്കലും റാഫേല്‍ യുദ്ധവിമാന അഴിമതിയാരോപണങ്ങളുമെല്ലാം കത്തിജ്ജ്വലിച്ചു നിന്ന വേളയിലാണ് 2019ല്‍ വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതു ബി.ജെ.പി ദേശീയ നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അനുകൂലമാക്കാന്‍ കഴിയുന്ന മോദിയുടെ പ്രവര്‍ത്തനവൈഭവം അന്നായിരിക്കും രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയ എതിരാളികളും ഒരുപക്ഷെ ബി.ജെ.പി ദേശീയ നേതൃത്വം തന്നെയും മനസിലാക്കിയിട്ടുണ്ടാവുക. ഇതുകൊണ്ടായിരിക്കാം മോദിയെ നേരിടാന്‍ രാഹുല്‍ ഗാന്ധി മതിയാവില്ലെന്നു പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത് അറസ്റ്റ് വരിച്ച രാമചന്ദ്രഗുഹ ജയില്‍മോചിതനായ ഉടനെയാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്.
ഇപ്പോഴിതാ ലോകത്തെ തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കൊവിഡ്- 19 മഹാമാരിയെ പ്രതിരോധിക്കാനും രോഗത്തിനെതിരേ വാക്‌സിന്‍ കണ്ടുപിടിക്കാനുമായി ഭരണാധികാരികളും ലോകപ്രശസ്ത ശാസ്ത്രജ്ഞരും രാപകല്‍ ഭേദമന്യെ കഠിനാദ്ധ്വാനം നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളോടു പറഞ്ഞത് വീടുകളുടെ ബാല്‍ക്കണികളില്‍ വന്നു പാത്രത്തില്‍ മുട്ടി ആരോഗ്യപ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായിരുന്നു. ആര്‍.എസ്.എസ് പലതും ഇറ്റലിയില്‍ നിന്ന് പകര്‍ത്തിയതുപോലെ പാത്രത്തില്‍ മുട്ടുന്നതും ഇറ്റലിയില്‍ നിന്ന് പകര്‍ത്തുകയായിരുന്നു. കൊവിഡ്- 19 ദുരന്തം വിതച്ചുകൊണ്ടിരിക്കുമ്പോള്‍ അയല്‍ക്കാര്‍ പരസ്പരം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായിരുന്നു ഇറ്റലിക്കാര്‍ ജനവാതിലുകളില്‍ പ്രത്യക്ഷപ്പെട്ട് പാത്രങ്ങളില്‍ മുട്ടി ശബ്ദമുണ്ടാക്കിയത്. അതേപോലെ കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പതിനു ലൈറ്റുകളെല്ലാം അണച്ച് ദീപം കൊളുത്താനും പ്രധാനമന്ത്രി പറഞ്ഞു. നികുതിവെട്ടിപ്പു കണ്ടുപിടിക്കാതിരിക്കാന്‍ വേണ്ടിയാവാം, ഇടതുപക്ഷക്കാരനെന്നു പറയപ്പെടുന്ന പ്രമുഖ മലയാള സിനിമാനടന്‍ വരെ ആഹ്വാനം ഏറ്റെടുത്ത് അതിനു പ്രചാരണം നല്‍കി.
കൊവിഡ് ദുരന്തത്തിന്റെ ഫലമായി ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതോ പട്ടിണിയിലേക്കു വീണുകൊണ്ടിരിക്കുന്ന സാധാരണക്കാരുടെ കഷ്ടപ്പാടുകളോ കേന്ദ്ര സര്‍ക്കാരിനു വിഷയമായില്ല. ആശ്വാസകരമായ ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യസാരഥി തന്റെ സ്വതസിദ്ധമായ ഗിമ്മിക്കുകള്‍ കാട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയിലെ പ്രതിപക്ഷം വാപൊളിച്ചു നില്‍ക്കുകയാണ്.
കേരളത്തിലെ ഇടതു ഭരണകൂടമാകട്ടെ, കാര്യമായ കേന്ദ്രസഹായം കിട്ടാതിരുന്നിട്ടും ഇത്തരം ഗിമ്മിക്കുകള്‍ക്കു സ്വാഗതമാശംസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രധാന ഷോമാന്‍ എന്ന ഒരു വിമര്‍ശനം ശശി തരൂര്‍ എം.പിയില്‍ നിന്ന് ഉണ്ടായതൊഴിച്ചാല്‍ കാര്യമായ പ്രതികരണങ്ങളൊന്നും പ്രതിപക്ഷത്തു നിന്ന് ഉണ്ടായിട്ടില്ല. മമതാ ബാനര്‍ജി മാത്രമാണ് ഇതിനപവാദം. കേന്ദ്ര സര്‍ക്കാരിന്റെ കഴിവുകേടിനെതിരേ അതിനിശിതമായ വിമര്‍ശനങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എം.പിമാരുടെ ഫണ്ട് റദ്ദാക്കിയതിനെതിരേയും കാര്യമായ പ്രതിഷേധങ്ങള്‍ പ്രതിപക്ഷത്തു നിന്നുണ്ടായില്ല. അങ്ങിങ്ങ് ചില പ്രസ്താവനകള്‍ വന്നതല്ലാതെ. എന്നാല്‍ നാളെ ഈ ഫണ്ടുപയോഗിച്ചായിരിക്കും ബി.ജെ.പി ഭരണകൂടം രാജ്യത്തു കൊവിഡ് പ്രതിരോധത്തിനു പണം ചെലവാക്കുക. ഇതിന്റെ നേട്ടങ്ങളൊക്കെയും ബി.ജെ.പി ഭരണകൂടത്തിന്റെയും മോദിയുടെയും പേരില്‍ വരവുവയ്ക്കുകയും ചെയ്യും.
ഇന്ത്യയൊട്ടാകെയുള്ള ലോക്ക് ഡൗണിനെ തുടര്‍ന്നു പഞ്ചാബിലും ഹരിയാനയിലും രാജസ്ഥാനിലും വിളഞ്ഞ നെല്ലും ഗോതമ്പും കൊയ്‌തെടുക്കാനാവാതെ ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളെ തീറ്റിപ്പോറ്റുന്നത് ഉത്തരേന്ത്യയില്‍ നിന്നുള്ള അരിയും ഗോതമ്പുമാണ്. വിളവു കൊയ്യുന്നില്ലെങ്കില്‍ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്കായിരിക്കും രാജ്യം കൂപ്പുകുത്തുക. ഇതൊന്നും ജനശ്രദ്ധയില്‍ കൊണ്ടുവരാനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും പ്രതിപക്ഷത്തിനു കഴിയുന്നില്ല. ട്വിറ്ററില്‍ തിളങ്ങലല്ല പ്രതിപക്ഷ പ്രവര്‍ത്തനം. കൊറോണക്കാലത്തെയും തനിക്കനുകൂലമാമാക്കി മാറ്റുന്ന മോദിയെയാണ് രാജ്യം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതു കണ്ടു വാപൊളിച്ചു നില്‍ക്കുന്ന പ്രതിപക്ഷത്തെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."