തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: ഡിവൈ.എസ്.പി തെറിച്ചു; അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി. അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ്‌ബെഹ്‌റ ഉത്തരവിട്ടു. ഷാജു വര്‍ഗീസിനെ പൊലിസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഷാജുവിന് പുതിയ നിയമനം നല്‍കിയിട്ടില്ല. സതീശനെ അറസ്റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഷാജു വര്‍ഗീസിനായിരുന്നെന്ന് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ തിയറ്റര്‍ ഉടമയുടെ അറസ്റ്റ് ചട്ട ലംഘനമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പുനഃപരിശോധിക്കാനും തീരുമാനിച്ചു.
അറസ്റ്റ് വിവാദമായതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും പൊലിസ് നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമമോപദേശം തേടാന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സംബന്ധമായ വിവരം ശേഖരിച്ച് നിയമോപദേശത്തിന് നല്‍കുകയായിരുന്നു. തിയറ്റര്‍ ഉടമയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതില്‍ ചട്ടലംഘനമുണ്ടായെന്നാണ് നിയമോപദേശം. പീഡനവിവരം പൊലിസിനെ അറിയിക്കാന്‍ വൈകി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്‌സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്. അങ്ങനെയെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വാറന്റോ കോടതി അനുമതിയോ വേണം. ഇതില്ലാതെയാണ് അറസ്റ്റ് നടന്നതെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ചട്ടലംഘനമായി കണക്കാക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."