നിപാ ഭീതിയൊഴിയുന്നു, ഇനി പഴയ കോഴിക്കോട്
കോഴിക്കോട്: നിപായുടെ ഭീതി ഒഴിഞ്ഞുതുടങ്ങിയതോടെ കോഴിക്കോട് പഴയ പ്രതാപത്തിലേക്കു തന്നെ തിരിച്ചു വരുന്നു. മിഠായിത്തെരുവിലും മാനാഞ്ചിറയിലുമെല്ലാം ഇപ്പോള്‍ ജനങ്ങള്‍ വന്നു തുടങ്ങി. കച്ചവടം പൂര്‍വ സ്ഥിതിയിലേക്കു തന്നെ വരുന്നുണ്ട്. പുതിയ നിപാ കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡുകളിലുള്ളവരെല്ലാം പരിശോധനാ ഫലം നെഗറ്റീവാണെന്നറിഞ്ഞതോടെ വീടുകളിലേക്ക് സന്തോഷത്തോടെ മടങ്ങിപ്പോവുകയാണ്.
നേരത്തെ ട്രിപ്പുകളെല്ലാം നിര്‍ത്തിവെച്ചിരുന്ന ബസുകളെല്ലാം വീണ്ടും ഓടിത്തുടങ്ങിയിട്ടുണ്ട്. പൊതു ഗതാതഗ സംവിധാനം ജനങ്ങള്‍ വീണ്ടും ഉപയോഗിച്ചു തുടങ്ങി. നിപാ പകരുമെന്ന ഭീതിയില്‍ പലരും ബസുകളിലുള്ള യാത്ര കുറച്ചിരുന്നു. പേരാമ്പ്ര, മുക്കം, ബാലുശ്ശേരി ടൗണുകളും ഇപ്പോള്‍ വീണ്ടും സജീവമായി. 12 ാം തിയതി വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സ്‌കൂള്‍ വിപണിയും സജീവമാകും. പേരാമ്പ്ര ചങ്ങരോത്ത് നിപാ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ജനം ആശങ്കയിലായത്. പേരാമ്പ്ര മേഖല നിശ്ചലമായതിന് പിന്നാലെ സമീപ പ്രദേശങ്ങളിലേക്കും നിപാ ഭീതി പടര്‍ന്നു. നടുവണ്ണൂര്‍, ബാലുശ്ശേരി, കൊടിയത്തൂര്‍, കാരശ്ശേരി, പാലാഴി പ്രദേശങ്ങളിലും നിപാ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ല മുഴുവന്‍ ഭീതിയിലായി.
തുടര്‍ച്ചയായി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോട് നഗരത്തിലേക്കും ആളുകളുടെ വരവ് കുറഞ്ഞു. ഈ ആശങ്ക വ്യാപാര മേഖലയെയായിരുന്നു കൂടുതല്‍ ആശങ്കയിലാഴ്ത്തിയത്. വവ്വാല്‍ കടിച്ച പഴങ്ങളാണ് നിപാ പരത്തുന്നതെന്ന നിഗമനം പുറത്തുവന്നത് പഴ വിപണിയെ തുടക്കം മുതല്‍ തളര്‍ത്തിയിരുന്നു. അതിനിടയില്‍ വ്യാജ പ്രചരണങ്ങളും സജീവമായി. എന്നാല്‍ ഇത്തരം പ്രചരണത്തിനെതിരേ പൊലിസ് നടപടികള്‍ ശക്തമാക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ഇത്തരക്കാര്‍ പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."