കൊച്ചുത്രേസ്യ വധക്കേസില്‍ പ്രതികള്‍ക്ക് 31 വര്‍ഷം കഠിനതടവും 25000 രൂപ പിഴയും
തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച നെടുപുഴയിലെ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി 31 വര്‍ഷം കഠിനതടവും 25000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ആര്‍. വിനായക റാവുവാണ് ശിക്ഷിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ചിയ്യാരം മണികണ്‌ഠേശ്വരം പറമ്പന്‍ ലോനയുടെ ഭാര്യ കൊച്ചുത്രേസ്യയെ പൊന്നൂക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന കരുമറ്റത്തില്‍ സുധി(34)യും അഞ്ചേരി മേലിട്ട വീട്ടില്‍ ലത(48)യും ചേര്‍ന്ന് 2013 ജൂലായ് എട്ടിന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിഞ്ഞിരുന്ന ലത സുധിയുമായി ഒരുമിച്ചായിരുന്നു താമസം. സ്വര്‍ണാഭരണങ്ങള്‍ കവരുകയെന്ന ലക്ഷ്യത്തോടെ വയോധികയായ കൊച്ചുത്രേസ്യയെ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന പൊന്നൂക്കരയിലെ വീട്ടില്‍ കൂട്ടിക്കൊണ്ടുവരികയും കഴുത്തില്‍ കയറിട്ട് മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തു.
ഒരു ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഇവര്‍ താമസിച്ചിരുന്ന വാടകവീടിന്റെ പിറകിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയിട്ട് സ്ലാബ് സിമന്റിട്ട് ഉറപ്പിച്ചു. സംഭവത്തിനുശേഷം പ്രതികള്‍ സ്വര്‍ണാഭരണങ്ങള്‍ ഹൈറോഡിലെ ജ്വല്ലറിയില്‍ വിറ്റുകിട്ടിയ പണവുമായി തമിഴ്‌നാട്ടിലേക്ക് കടന്നു. കൊച്ചുത്രേസ്യയെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നെടുപുഴ എസ്.ഐ. അനില്‍ ടി. മേപ്പുള്ളിയാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് വെസ്റ്റ് സി.ഐ. ആയിരുന്ന ഇപ്പോഴത്തെ വിജിലന്‍സ് ഡിവൈ.എസ്.പി. എ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി തമിഴ്‌നാട്ടില്‍ എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മരണപ്പെട്ട കൊച്ചുത്രേസ്യയും ലതയും 18 വര്‍ഷം മുന്‍പ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ പരിചയം വച്ചാണ് കൊച്ചുത്രേസ്യയെ ലത കൂട്ടിക്കൊണ്ടുപോയത്. കൊച്ചുത്രേസ്യയുടെ മൊബൈല്‍ ഫോണ്‍, സിംകാര്‍ഡ്, ആഭരണങ്ങള്‍ എന്നിവ കണ്ടെടുത്തിരുന്നു. സംഭവദിവസം പ്രതികള്‍ താമസിച്ചിരുന്ന വാടകവീട്ടിലേക്ക് കൊച്ചുത്രേസ്യ പോകുന്നത് അടുത്ത കടയിലെ പോളും അയല്‍വാസിയായ ഷാജുവും കണ്ടിരുന്നു. ഇവരുടെ മൊഴികളും സാഹചര്യതെളിവുകളും ലത, കൊച്ചുത്രേസ്യയുടെ മൊബൈലിലേയ്ക്ക് വിളിച്ച കോളുകളുടേയും അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പ്രതികള്‍ മുന്‍പ് സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വിജനമായ സ്ഥലത്ത് വച്ച് സ്ത്രീയുടെ സ്വര്‍ണാഭരണം കവര്‍ച്ച നടത്തിയ കേസിലും മജിസ്‌ട്രേട്ട് കോടതി ഇവരെ മൂന്നു വര്‍ഷം ശിക്ഷിച്ചിട്ടുണ്ട്. ഒല്ലൂരില്‍ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്. മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ കേസില്‍ വിധിയായിട്ടില്ല.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് ഡിവൈ.എസ്.പി. എ. രാമചന്ദ്രനാണ് കേസില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഡ്വ. ജോഷി പുതുശേരി, അഡ്വ. ഷിബു പുതുശേരി എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."