പണം ചെലവഴിക്കുന്നില്ല; കിഫ്ബി പദ്ധതി നടത്തിപ്പില്‍ അപാകത
തിരുവനന്തപുരം: കിഫ്ബി പദ്ധതികളുടെ നടത്തിപ്പില്‍ അപാകതയുള്ളതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി). പദ്ധതികള്‍ക്കായി കിഫ്ബി നീക്കിവയ്ക്കുന്ന പണം യഥാസമയം ചെലവഴിക്കുന്നില്ലെന്നും ധനമന്ത്രി ടി.എം തോമസ് ഐസക് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-17 വര്‍ഷം ഒന്‍പതു പദ്ധതികള്‍ക്ക് കിഫ്ബി വഴി 865 കോടി രൂപ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2017 നവംബര്‍ വരെ ഒന്നും ചെലവഴിച്ചില്ല. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ പശ്ചാത്തല പാര്‍ക്കുകള്‍ തുടങ്ങിയ വലിയ പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ 2016-17ലെ ബജറ്റില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 2016-17ല്‍ ഈ നിക്ഷേപ പദ്ധതിയില്‍നിന്ന് 2,500 കോടിയുടെ ചെലവ് പ്രതീക്ഷിക്കുകയുമുണ്ടായി. ഇതിനു പുറമെ 18 പുതിയ സംരംഭങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഒന്‍പതു പദ്ധതികള്‍ക്ക് 865 കോടി രൂപ ഈ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ശേഷിച്ച ഒന്‍പതു പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതമായി 55.25 കോടി വകയിരുത്തുകയും ചെയ്തു. എന്നാല്‍ കിഫ്ബി വഴി ഒന്‍പതു പദ്ധതികള്‍ക്കു ചെലവഴിക്കാന്‍ നിശ്ചയിച്ച 865 കോടിയില്‍ ഒരു രൂപ പോലും 2017 നവംബര്‍ വരെ വിനിയോഗിച്ചിട്ടില്ല. ബജറ്റ് വഴി തുക നല്‍കേണ്ടിയിരുന്ന ഒന്‍പതു പദ്ധതികളില്‍ രണ്ടെണ്ണത്തിന് 22.43 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
2016-17ലെ ബജറ്റ് സാമ്പത്തിക വര്‍ഷത്തെ ആറു മാസത്തെ വരവ്-ചെലവുകള്‍ കണക്കാക്കി തയാറാക്കിയതാണ്. അതിനാല്‍ പുതുക്കിയ എസ്റ്റിമേറ്റുകള്‍ക്കു യഥാര്‍ഥ ബജറ്റ് കണക്കുകളേക്കാള്‍ കൃത്യതയുണ്ടാകേണ്ടതുണ്ട്. എന്നാല്‍ റവന്യൂ വരവ് പുതുക്കിയ എസ്റ്റിമേറ്റുകളേക്കാള്‍ 5,008 കോടി കുറവും യഥാര്‍ഥ എസ്റ്റിമേറ്റുകളേക്കാള്‍ 9,005 കോടി കുറവുമായിരുന്നു. റവന്യൂ വരവുകള്‍ കൂടാതെ പൊതുകണക്കിലെ അറ്റ കൂട്ടിച്ചേര്‍ക്കലിലും ഗണ്യമായ വ്യതിയാനമുണ്ടായതായി സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
നിയമസഭയില്‍ ബജറ്റ് അവതരണവേളയില്‍ സമര്‍പ്പിച്ച മിതകാല സാമ്പത്തിക പദ്ധതി ലക്ഷ്യം കണ്ടതുമില്ല. അതിലെ യഥാര്‍ഥ ലക്ഷ്യങ്ങളോ പുതുക്കിയ ലക്ഷ്യങ്ങളോ കൈവരിക്കാനായില്ല. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള സഹായത്തിന്റെ ആദ്യത്തെ രണ്ടുവര്‍ഷങ്ങള്‍ അവസാനിച്ചു. ഈ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിന്റെ ഭേദഗതി നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് 2017 ഡിസംബറിലും സി.എ.ജിക്കു ലഭിച്ച മറുപടി. വായ്പ-ജി.എസ്.ഡി.പി അനുപാതം 25 ശതമാനത്തിലോ അതിനു താഴെയോ നിര്‍ത്താത്തതുകൊണ്ട് വര്‍ധിപ്പിച്ച കടമെടുപ്പ് പരിധിക്കു യോഗ്യത നേടാന്‍ സംസ്ഥാനത്തിനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."