കുരിശുമലയിലെ പൊലിസ് നടപടി: ഐ.ജി അന്വേഷിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന്
തിരുവനന്തപുരം: ഈ കഴിഞ്ഞ ജനുവരി അഞ്ചിന് ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വിശ്വാസികള്ക്കെതിരേയുണ്ടായ പൊലിസ് നടപടി സംബന്ധിച്ച് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നേരിട്ട് അന്വേഷണം നടത്തി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് പി.കെ ഹനീഫ ഡി.ജി.പിയോട് ഉത്തരവിട്ടു.
ബോണക്കാട് റെക്ടര്‍ റവ.ഫാ.ഡെന്നീസ് മന്നൂര്‍ നല്കിയ പരാതിയിലാണ് നടപടി. കുരിശുയാത്ര പുറപ്പെട്ടപ്പോള്‍ പൊലിസിന്റെ ഒത്താശയോടെ സാമൂഹികവിരുദ്ധര്‍ വിശ്വാസികളെ അസഭ്യം പറഞ്ഞ് പ്രകോപനം സൃഷ്ടിച്ച് പൊലിസ് വിശ്വാസികളെ നിഷ്കരുണം തല്ലിച്ചതച്ചതായും സ്ത്രീകളെ പുരുഷ പൊലിസുകാര്‍ ഉപദ്രവിച്ചതായും വിതുര എസ്.ഐ ആണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിച്ചതായും വിശ്വാസികളുടെ കഴുത്തില്‍ കിടന്ന ജപമാല പൊട്ടിച്ച് പൊലിസ് അസഭ്യം പറഞ്ഞ് മതവികാരത്തെ വ്രണപ്പെടുത്തിയയെന്നുമാണ് പരാതി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നും കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ഒരു പൊലിസുദ്യോഗസ്ഥനാണ് റിപ്പോര്‍ട്ട് തയാറാക്കി ഹാജരാക്കിയത്. ഇത് സ്വീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് സംഭവം അന്വേഷിക്കാന്‍ കമ്മിഷന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."