അഞ്ചുലക്ഷം മാസ്‌കുകള്‍ നിര്‍മിക്കാന്‍ പൊലിസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരത്തില്‍ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങള്‍ക്ക് മാസ്‌ക് ക്ഷാമം ഉണ്ടാകാതിരിക്കാന്‍ കേരള പൊലിസ് സ്വന്തം നിലയ്ക്ക് മാസ്‌ക് നിര്‍മാണം തുടങ്ങി.
കേരള ആംഡ് പൊലിസ് ബറ്റാലിയനാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനിലെ മുഴുവന്‍ പേരും മാസ്‌ക് നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.തിരുവനന്തപുരം, അടൂര്‍, കുട്ടിക്കാനം, തൃപ്പൂണിത്തറ, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ പത്തു യൂണിറ്റുകളിലായാണ് നിര്‍മാണം നടക്കുന്നത്.തിരുവനന്തപുരത്ത് കിന്‍ഫ്രയില്‍ വനിതാ ബറ്റാലിയന്റെ നേതൃത്വത്തിലും മാസ്‌ക് നിര്‍മാണം നടക്കുന്നുണ്ട്. സേനയില്‍ തന്നെ തയ്യല്‍ അറിയാവുന്നവരുടെ നേതൃത്വത്തിലാണ് നിര്‍മാണം. അഞ്ചുലക്ഷം മാസ്‌കുകളാണ് ലക്ഷ്യമിടുന്നത്. ഓരോ യൂനിറ്റും അന്‍പതിനായിരം വീതം. നിരത്തില്‍ ഡ്യൂട്ടിയിലുള്ള ഒരു ഉദ്യോഗസ്ഥന് കുറഞ്ഞത് അഞ്ചെണ്ണം എങ്കിലും നല്‍കാനാണ് ശ്രമം.
നിലവില്‍ ജയിലില്‍ നിന്നുള്ളതിനു പുറമെ സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന മാസ്‌കുകളാണ് പൊലീസുകാര്‍ ഉപയോഗിക്കുന്നത്. സ്വന്തം നിലക്ക് കാശ് മുടക്കി വാങ്ങുന്നവരും കുറവല്ല. മാസ്‌ക് ക്ഷാമം പരിഹരിക്കുന്നതിനും ലോക്ക്ഡൗണ്‍ നീണ്ടു പോകാനുള്ള സാധ്യത കൂടി കണക്കിലെടുത്തുമാണ് പൊലിസ് സ്വന്തം നിലക്ക് മാസ്‌ക് നിര്‍മാണം തുടങ്ങിയത്.
ഡി.ഐ.ജി പിപ്രകാശിനാണ് ഏകോപന ചുമതല. അതിനിടെ കുടുംബശ്രീ ഇതുവരെ 18.50 ലക്ഷം മാസ്‌കുകള്‍ നിര്‍മിച്ചുവെന്നു കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ അറിയിച്ചു. കുടുംബശ്രീയുടെ 306 തയ്യല്‍ യൂനി റ്റുകളുടെ നേതൃത്വത്തിലാണ് നിര്‍മാണം. ലെയറുകള്‍ക്ക് അനുസരിച്ച് 10 രൂപ മുതല്‍ 15 രൂപ വരെയാണ് മാസ്‌കുകളുടെ വില.കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പ്പറേഷന്‍, ടൂറിസം വകുപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എയര്‍പോര്‍ട്ട് അതോറിട്ടി, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ജന്‍ ഔഷധി സ്‌റ്റോഴ്‌സ്, ബാങ്കുകള്‍ തുടങ്ങീ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചാണ് കുടുംബശ്രീ മാസ്‌കുകള്‍ തയാറാക്കി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."