HOME
DETAILS
MAL
സ്വന്തം പേരില്‍ അഡ്വാന്‍സ് തുക അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ വിചിത്ര ഉത്തരവ്
backup
April 10 2020 | 02:04 AM
തിരുവനന്തപുരം: സ്വന്തം പേരില്‍ അഡ്വാന്‍സായി തുക അനുവദിച്ച് സ്വന്തമായി തന്നെ ഉത്തരവിറക്കി പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ വിചിത്രമായ നടപടി.
സംസ്ഥാനത്ത് കൊവിഡ് -19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര് റൂമില്‍ ഉള്ളവര്‍ക്ക് ഭക്ഷണത്തിനും വെള്ളത്തിനും ചെലവഴിക്കുന്നതിനുള്ള അഡ്വാന്‍സായി ഒരു ലക്ഷം രൂപയാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ. ഹഖ് സ്വന്തമായി തന്നെ അനുവദിച്ച് ഉത്തരവിറക്കിയത്. തുക അനുവദിക്കുന്നതിനുള്ള അധികാരം ഉണ്ടെന്നിരുന്നാലും സാധാരണ ഗതിയില്‍ ഒരു ഉദ്യോഗസ്ഥനും സ്വന്തമായി പണം അതും മുന്‍കൂര്‍ അനുവദിച്ച് ഉത്തരവിറക്കാറില്ല. പകരം മേലുദ്യോഗസ്ഥനെയോ, വകുപ്പിലെ തന്നെ മറ്റേതെങ്കിലും ഉദ്യോഗസ്ഥനെ കൊണ്ടോ സ്വന്തം പേരില്‍ തുക അനുവദിപ്പിക്കുകയോ അല്ലങ്കില്‍ കീഴുദ്യോഗസ്ഥന്റെ പേരില്‍ അനുവദിക്കുകയോ ആണ് പതിവ്. ഇതെല്ലാം മറന്നാണ് പൊതുഭര വകുപ്പ് അഡീഷണല്‍ സെക്രട്ടറി സ്വന്തം പേരില്‍ തന്നെ തുക അനുവദിച്ച് വിചിത്ര ഉത്തരവിട്ടത്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര് റൂമില്‍ എട്ടോളം ഐ.എ.എസ് ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുമാണ് കൃത്യനിര്‍വഹണത്തിനായി ഉള്ളത്. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര് ജ്യോതിലാലിനാണ് വാര് റൂമിന്റെ ചുമതല. ഇവരെല്ലാം വന്‍ ശമ്പളം വാങ്ങുന്നവരാണ്. ഇവര്‍ക്കെല്ലാമുള്ള ഭക്ഷണവും മറ്റ് ആഹാര സാധനങ്ങളും സെക്രട്ടേറിയറ്റ് വളപ്പില്‍ തന്നെയുളള കാന്റീനില്‍ നിന്നും ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നുമാണ് ലഭ്യമാക്കിയിരുന്നത്. ഈ സംവിധാനങ്ങളില്‍ ഭക്ഷണ വില തീരെ കുറവാണെന്നിരിക്കെയാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സ്വന്തം പേരില്‍ ഭക്ഷണത്തിനും വെളളത്തിനും അഡ്വാന്‍സ് തുക അനുവദിച്ച് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."