ദുരിതത്തിലായത് പ്രദേശവാസികള്‍
കൊല്ലം: ദേശീയപാതയോരത്തെ മദ്യവില്‍പന ശാലകള്‍ പൂട്ടിയതോടെ കൊല്ലത്ത് അവശേഷിക്കുന്ന മദ്യശാലകള്‍ക്കു മുന്നില്‍ വന്‍തിരക്ക്. കൊല്ലം ഡിവിഷന്റെ കീഴിലുള്ള പുന്തലത്താഴം, പരവൂര്‍, ഇരവിപുരം, പരവൂര്‍, കരുനാഗപ്പള്ളി ഡിവിഷന്റെ കീഴിലുള്ള തെക്കുംഭാഗം തുടങ്ങിയ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ നിയന്ത്രണാതീധമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ബിവറേജസ് അധികൃതര്‍ക്ക് തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ പൊലിസിന്റെ സഹായം തേടുകയായിരുന്നു.
മദ്യശാലകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും സംഘര്‍ഷത്തിലേക്കും നീക്കി. പൊലിസുകാര്‍ ഇവരെ നിയന്ത്രിക്കാന്‍ നന്നേപാടുപെടുന്നത് പലയിടത്തും കാണാമായിരുന്നു. ഇരവിപുരത്ത് തിരക്ക് നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ പൊലിസ് ലാത്തി വീശി. മദ്യശാലകള്‍ക്ക് മുമ്പില്‍ വന്‍ ഗതാഗതക്കുരുക്കാണ് രാവിലെ മുതല്‍ അനുഭപ്പെട്ടത്. പലിടത്തും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ പര്യാപ്തമായിരുന്നില്ല.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് മറ്റു ശാലകള്‍ പൂട്ടിയതോടെ മദ്യത്തിനായി ആവശ്യക്കാര്‍ പരക്കം പായുകയാണ്. ദേശീയപാതയോരത്തുള്ള മദ്യവില്‍പ്പനശാലകളെല്ലാം അടച്ചുപൂട്ടിയതോടെ എവിടെ നിന്നാണ് മദ്യം കിട്ടുക എന്നാണ് ആളുകള്‍ അന്വേഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാര്‍ മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലേക്കെത്തുമ്പോള്‍ ദുരിതത്തിലാകുന്നത് പ്രദേശവാസികളാണ്. ഇനിയുള്ള ദിവസങ്ങള്‍ ദുരിതപൂര്‍ണമാകുമെന്നുള്ള പേടിയിലാണ് പ്രദേശവാസികള്‍.
അധികൃതര്‍ ഇടപെടണമെന്നാവശ്യവുമായി നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിനായി മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. കഴിഞ്ഞ ദിവസം മദ്യവില്‍പ്പനശാലകള്‍ പൂട്ടിയതോടെയാണ് ദേശീയ പാതയുമായി ബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന നടയ്ക്കാവിലേക്ക് താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി നൂറുകണക്കിന് മദ്യപന്മാര്‍ ഒഴുകിയെത്തിയത്.
ഇതോടെ പ്രദേശവാസികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധം തിരക്കാണ് അനുഭവപ്പെട്ടത്. യാത്രക്കാരായ സ്ത്രീകളും കുട്ടികളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നു. രാവിലെ മുതല്‍ തുടങ്ങിയ ക്യു വൈകിയും നീണ്ടു. മദ്യശാലയ്ക്കു മുന്നിലെ ക്യൂ റോഡിലേക്കെത്തിയതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. പിന്നീട് പൊലിസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
വരും ദിവസങ്ങളിലും ഇവിടേക്ക് ആളുകളുടെ തിരക്ക് അനുഭപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. തെക്കുംഭാഗത്തെ നടയ്ക്കാവിലെ മദ്യവില്‍പ്പനശാലയ്ക്കു മുന്നില്‍ ജനത്തിരക്കേറിയതോടെ പ്രദേശവാസികളുടെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന് കേളി കലാ ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."