നഗരത്തില്‍ അനധികൃത കൈയേറ്റങ്ങള്‍ വര്‍ധിക്കുന്നു
ആലപ്പുഴ: അനധികൃതമായി റോഡും നടപ്പാതയും കൈയേറിയവരെ നിയന്ത്രിക്കാന്‍ നടപടിയില്ല. നഗരത്തില്‍ റോഡു കൈയേറ്റം അനുദിനം വ്യാപകമാകുകയാണ്. വഴിവാണിഭക്കാരും ഭക്ഷണത്തട്ടുകാരും റോഡിലാണ് സാധനങ്ങളും കസേരകളും നിരത്തുന്നത്.
കാല്‍നടക്കാരെയും വാഹനയാത്രക്കാരെയുമാണ് ഇത്തരത്തിലുള്ള കൈയേറ്റങ്ങള്‍ അപകടത്തിലാക്കുന്നത്. കൈയേറ്റക്കാര്‍ ഒഴിയണമെന്നു കാട്ടി നോട്ടിസ് നല്‍കലും പത്രക്കുറിപ്പ് ഇറക്കലും മാത്രമാണ് ജില്ലാ ഭരണകൂടവും ദേശീയപാതയധികാരികളും നടത്തുന്നത്. പരാതികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പട്ടണത്തിലെ അപകടകരമായ റോഡ് കൈയേറ്റങ്ങള്‍ ഒഴിയണമെന്നും റോഡുകളുടെയും പാലങ്ങളുടെയും ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍, ഫ്‌ളക്‌സുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ 15നകം മാറ്റണമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സമയപരിധിക്കകം മാറ്റാത്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് കലക്ടര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിര്‍ദേശം വന്നിട്ടും കൈയേറ്റങ്ങള്‍ കൂടുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."