നിര്‍ധനര്‍ക്ക് മരുന്നും ഭക്ഷണവും പേപ്പര്‍ കവര്‍ നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തി എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍
ആലപ്പുഴ: കൊവിഡ് 19മായി ബന്ധപ്പെട്ട് നിര്‍ധനര്‍ക്ക് സഹായമെത്തിക്കാന്‍ പേപ്പര്‍ കവര്‍ നിര്‍മാണത്തിലൂടെ വരുമാനം കണ്ടെത്തുകയാണ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍. ആലപ്പുഴ നഗരത്തിലെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരാണ് കൊവിഡിന്റെ വരവോടെ വലഞ്ഞ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനും രോഗികള്‍ക്ക് മരുന്നിനുമായി പുതിയൊരു സംരംഭം തുടങ്ങിയത്. ലോക്ഡൗണില്‍ വരുമാനം നഷ്ടമായവരെ സഹായിക്കാനുള്ള സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന ആലോചനയില്‍ നിന്നാണ് യുവാക്കള്‍ കവര്‍ നിര്‍മാണം എന്ന ആശയത്തിലേക്ക് എത്തിയത്.
പ്രവര്‍ത്തകരുടെയും സമീപവാസികളുടെയും വീടുകളില്‍ നിന്ന് ന്യൂസ് പേപ്പറുകള്‍ ശേഖരിച്ചാണ് കവറുണ്ടാക്കുന്നത്. പ്രവര്‍ത്തകര്‍ നല്‍കുന്ന സംഭാവനകള്‍ കൂടാതെ കവര്‍ വിറ്റു കിട്ടുന്ന തുക കൊണ്ടാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വിദ്യാര്‍ഥികളായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് സൗജന്യമായി പലരും പത്രങ്ങള്‍ എത്തിച്ച് നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം നിലവിലുള്ളതിനാല്‍ പേപ്പര്‍ കവറുകള്‍ക്ക് ആവശ്യക്കാരേറെയാണ്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് മൂക്കും വായും മറച്ചും സാമൂഹ്യ അകലം പാലിച്ചും ഹാന്‍ഡ് വാഷ് സൗകര്യം പ്രയോജനപ്പെടുത്തിയുമാണ് പേപ്പര്‍ നിര്‍മാണ യൂനിറ്റ് നടത്തുന്നതെന്നും ശ്രദ്ധേയമാണ്. എസ്.കെ.എസ്.എസ്.എഫിന്റെ വിവിധ യൂനിറ്റുകള്‍ വഴി പേപ്പര്‍ കവര്‍ നിര്‍മാണം വിപുലപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഇത് ശ്രദ്ധയില്‍പ്പെട്ട എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്.
ആലപ്പുഴ മേഖലാ പ്രസിഡന്റ് എ.എം.എം ശാഫി റഹ്മത്തുല്ലാഹ്, ജില്ലാ വര്‍കിങ് സെക്രട്ടറി ഐ. മുഹമ്മദ് മുബാഷ്, സുഹൈല്‍ സെയ്ദ്, ഹാഫിസ് ഹകീം, ബിനാസ് ബശീര്‍ എന്നിവരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."