ആലുവയില്‍ വ്യാജമദ്യ ശേഖരം പിടികൂടി
ആലുവ: ആലുവ കുന്നത്തേരി ഭാഗത്ത് നിന്ന് വ്യാജമദ്യം പിടിച്ചെടുത്തു. മദ്യക്കമ്പനികളുടെ വ്യാജ ലേബല്‍ പതിച്ച 50 ലേറെ കുപ്പികളാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വ്യാജമദ്യ ഉല്‍പാദനവും വിപണനവും തടയുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വ്യാജലേബലുകള്‍ പതിച്ച ഒഴിഞ്ഞ ഒരു മദ്യക്കുപ്പി കുന്നത്തേരി പരിസരത്ത് നിന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കണ്ടെത്തിയിരുന്നു. സാനിറ്റൈസര്‍ അടങ്ങിയ കുപ്പി ആണെന്ന് കരുതിയെങ്കിലും വിശദമായ പരിശോധനയില്‍ മദ്യമാണെന്ന് മനസിലായി. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷത്തിലൊടുവിലാണ് ആലുവ കുന്നത്തേരി ഭാഗത്തെ ആള്‍ പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിപ്പിച്ച് വച്ച നിലയില്‍ വ്യാജമദ്യ ശേഖരം കണ്ടെത്തിയത്. ഷാഡോ ടീമംഗങ്ങളുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തമാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. വ്യാജമായി മദ്യം നിര്‍മിക്കുക, മദ്യത്തിന്റെ ലേബലുകള്‍ വ്യാജമായി ഉണ്ടാക്കിയെടുക്കുക എന്നത് ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ ഇത് അതീവ ഗൗരവമായി കാണുന്നതായി എക്‌സൈസ് ഉന്നതര്‍ അറിയിച്ചു. ഈസ്റ്റര്‍ , വിഷു എന്നിവ പ്രമാണിച്ച് കൊണ്ടുവന്ന് വച്ചതാകാമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസര്‍ ഷാജി എ.കെ, ഷാഡോ ടീം അംഗങ്ങളായ എന്‍.ഡി ടോമി, എന്‍.ജി അജിത്ത്കുമാര്‍, സിവില്‍ എകെ്‌സെസ് ഓഫിസര്‍മാരായ ഗിരീഷ്, വികാന്ദ്, നീതു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."