എഴുന്നള്ളിപ്പിനെത്തിച്ച ആനകള്‍ വിരണ്ടു
കൊച്ചി: ചളിക്കവട്ടം പടിഞ്ഞാറെ കുഴുവേലി ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനെത്തിച്ച ആനകള്‍ വിരണ്ടു. ഇന്നലെ രാവിലെ 11.30ന് എഴുന്നള്ളിപ്പിന് ശേഷം തിടമ്പ് ഇറക്കുന്നതിനിടെയാണ് ആനകള്‍ വിരണ്ടത്. ഇതോടെ ക്ഷേത്രമുറ്റത്ത് കൂടിനിന്ന ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ഓടി. ഓട്ടത്തിനിടെ തട്ടിവീണ് പലര്‍ക്കും പരിക്കേറ്റു. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍മാര്‍ക്കും പരിക്കേറ്റു.
തിടമ്പേറ്റിരുന്ന മുള്ളത്ത് വിജയകൃഷ്ണന്‍ എന്ന ആന തൊട്ടടുത്തുനിന്ന ആനയെ കുത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കുത്തേറ്റ കീഴൂര്‍ സ്വാമിനാഥന്‍ എന്ന ആന ക്ഷേത്രമുറ്റത്തുനിന്ന് ഓടി റോഡിലൂടെ പാഞ്ഞു. ആന വരുന്നത് കണ്ട് വഴിയാത്രക്കാര്‍ തിരിഞ്ഞോടി. ഈ സമയം ക്ഷേത്രവളപ്പില്‍ വിജയകൃഷ്ണന്റെ പരാക്രമം തുടരുകയായിരുന്നു. നടപ്പന്തല്‍, ബൈക്ക്, അലങ്കാര വിളക്കുകള്‍, മതിലിന്റെ ഗേറ്റ് എന്നിവയും തകര്‍ത്തു. ക്ഷേത്ര കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം വരുത്തിയ ആനയെ തളയ്ക്കാനുള്ള പാപ്പാന്മാരുടെ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് അഗ്‌നിശമന സേനയേയും മയക്കുവെടി വിദഗ്ധനെയും വിളിച്ചുവരുത്തി.
ഗാന്ധിനഗറില്‍ നിന്നെത്തിയ അഗ്‌നി ശമനസേന ആദ്യം വഴിയില്‍ പരിഭ്രാന്തി പരത്തിനിന്ന സ്വാമിനാഥനെ വടമുപയോഗിച്ച് വരിഞ്ഞുമുറുക്കി. പാപ്പാന്‍മാരുടെ സഹായത്തോടെ അനുനയിപ്പിച്ച് തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പില്‍ തളച്ചു. ആനപ്പുറത്തുണ്ടായിരുന്ന പാപ്പന്‍ രക്ഷപെടുന്നതിനായി തൊട്ടരുകിലുണ്ടായിരുന്ന മരത്തിലേക്ക് ചാടുന്നതിനിടെ പിടിവിട്ട് താഴെ വീണ് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
ക്ഷേത്ര വളപ്പില്‍ കലിതുള്ളി നിന്ന വിജയകൃഷ്ണനെ നിലയ്ക്ക് നിര്‍ത്താനുള്ള അഗ്‌നിശമനസേനയുടെ ശ്രമം വിജയിച്ചില്ല. പിന്നീട് പാപ്പാന്‍മാരുടെ സഹായത്തോടെ കാലില്‍ വടംകെട്ടി വലിച്ചു മുറുക്കിയ ശേഷം മയക്കുവെടിവച്ചാണ് അടക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."