ലക്ഷ്യം കാണാതെ പോയ ഗോത്രസാരഥി പദ്ധതി
കാസര്‍കോട്: അഞ്ചു മാസം മുമ്പ് കാസര്‍കോട് ജില്ലയിലെ വികസന സ്വപ്നങ്ങള്‍ക്ക് ഏകോപനമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ വിഭാഗം വികസന സെമിനാര്‍ നടത്തുകയുണ്ടായി. ഈ സെമിനാറില്‍ മായിപ്പാടി ഡയറ്റിലെ ജീവനക്കാര്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ഇങ്ങനെ പറയുന്നു. 'ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ആദിവാസി, ഗോത്ര സമൂഹങ്ങളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് നിര്‍ബാധം തുടരുകയാണ്.
വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്കു തടയാന്‍ വേണ്ടി കൊണ്ടു വരുന്ന പദ്ധതികളൊന്നും തത്വത്തില്‍ ഫലം കാണുന്നില്ല. കേരളത്തിലെ മറ്റു ജില്ലകളിലൊന്നും ഇല്ലാത്ത രീതിയിലുള്ള കൊഴിഞ്ഞു പോക്ക് നടക്കുന്നതിനാല്‍ ഇത്തരം വിഭാഗങ്ങളില്‍ നിന്ന് ഉന്നതപഠനത്തിനും അതുവഴി ജോലിക്കും ശ്രമിക്കാനുള്ള യോഗ്യതയുള്ളവര്‍ ഉണ്ടാകുന്നില്ല.
ഇതൊന്നും കൂടാതെ പ്രൈമറി തലത്തില്‍ തന്നെ നടക്കുന്ന കൊഴിഞ്ഞു പോക്കു കാരണം മൂല്യബോധമുള്ള വിദ്യാഭ്യാസവും ഇവര്‍ക്കു ലഭിക്കുന്നില്ല. ഇതിനെ തുടര്‍ന്നു മൂല്യബോധമുള്ള സമൂഹം ഈ മേഖലയില്‍ ഉയര്‍ന്നു വരിക അപ്രാപ്യവുമായിരിക്കും '
ഇങ്ങനെയൊരു റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടിട്ടും ഈ റിപ്പോര്‍ട്ടിന്മേല്‍ ഒരു തുടര്‍ നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടില്ല. സ്‌കൂളില്‍ നിന്നു കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഗോത്രസാരഥി പദ്ധതി പോലും ജില്ലയില്‍ സമ്പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനായില്ല.
പൊതുഗതാഗത സംവിധാനമില്ലാത്തതിനാലും സ്‌കൂളുകള്‍ വിദൂരത്തായതിനാലും പട്ടികവര്‍ഗ സങ്കേതങ്ങളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാതിരിക്കുന്നതു തടയാനാണു 'ഗോത്രസാരഥി' പദ്ധതി നടപ്പാക്കിയത്. വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാനും സ്‌കൂളില്‍ നിന്നു തിരികെ വീട്ടിലെത്തിക്കാനും വാഹന സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.
വ്യക്തമായ മാനദണ്ഡത്തോടെ തുടങ്ങിയ പദ്ധതി പക്ഷെ, ജില്ലയില്‍ കൃത്യമായി നടപ്പാക്കാന്‍ പോലുമായില്ല. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ജില്ലാതല ഓഫിസര്‍മാര്‍ മുഖേന നടപ്പാക്കിയ പദ്ധതി ജില്ലയില്‍ തട്ടിക്കൂട്ട് പരിപാടിയാക്കി മാറ്റിയെന്നും ആരോപണമുണ്ട്.
ഗോത്രസാരഥി പദ്ധതി ഇപ്പോഴും നിലവിലുണ്ടെങ്കിലും വിദ്യാലയങ്ങളില്‍ എത്താനുള്ള പ്രതിസന്ധി മൂലം കാസര്‍കോടെ ആദിവാസി ഗോത്ര സമൂഹ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്കു നിര്‍ബാധം തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."