ജലസ്രോതസ് മലിനമാക്കിയാല്‍ ശിക്ഷ കടുക്കും
തിരുവനന്തപുരം: ജലസ്രോതസ് മലിനമാക്കുന്നതിന് കൂടുതല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ച കൂടാതെയാണ് 2018ലെ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിക്കു വിട്ടത്.
2003ലെ കേരള ജലസേചനവും ജലസംരക്ഷണവും നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണിത്. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്ക് കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് മൂന്നു വര്‍ഷം വരെ തടവോ രണ്ടു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും. നിലവില്‍ ഈ കുറ്റത്തിനുള്ള ശിക്ഷ രണ്ടു വര്‍ഷം വരെ തടവോ 25,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ആയിരുന്നു.
ഈ കുറ്റത്തിനു കോടതി ശിക്ഷിച്ച ഒരാള്‍ കുറ്റം ആവര്‍ത്തിച്ചാല്‍ മൂന്നു വര്‍ഷം വരെയും എന്നാല്‍ ഒരു വര്‍ഷത്തില്‍ കുറയാത്തതുമായ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. നിലവില്‍ ഇത് രണ്ടു വര്‍ഷം വരെയും എന്നാല്‍ ആറു മാസത്തില്‍ കുറയാത്തതുമായ തടവും 35,000 രൂപ വരെ പിഴയുമാണ്.
ഏതെങ്കിലും ജലവിതരണ സംവിധാനത്തിലോ ജലപ്രവാഹത്തിലോ ചപ്പുചവറുകളോ മാലിന്യങ്ങളോ വിസര്‍ജ്യമോ നിക്ഷേപിക്കാനോ അതിലേക്ക് മലിനജലം ഒഴുകാന്‍ അനുവദിക്കാനോ മറ്റേതെങ്കിലും വിധത്തില്‍ ജലം മലിനപ്പെടുത്താനോ പാടില്ലെന്ന ഉപവകുപ്പ് നിയമത്തില്‍ പുതുതായി ചേര്‍ത്തിട്ടുമുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഏഴിനു പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."