ലോകം പോരാട്ടത്തിലാണ് ലോക മലയാളികളും
കര്‍മനിരതരായതോടെ ആശങ്കകള്‍ക്ക് ആശ്വാസമായി
പി.കെ അന്‍വര്‍ നഹ
കെ.എം.സി.സി നേതാവും ദുബൈ
ഘടകം മുന്‍ പ്രസിഡന്റും
മലയാളി സാന്നിധ്യം ശക്തമായ നൈഫ് സൂക്കില്‍ കൊവിഡ്-19 വ്യാപിച്ചതോടെയാണ് യു.എ.യിലെ, പ്രത്യേകിച്ച് ദുബൈയിലെ പ്രവാസികള്‍ക്കിടയില്‍ ആശങ്ക ശക്തമായത്. എന്നാല്‍ ഇപ്പോള്‍ കര്‍മ്മനിരതരായി സന്നദ്ധമേഖലയില്‍ മലയാളി കൂട്ടായ്മകള്‍ ഇറങ്ങിയതോടെ കൂടുതല്‍ ആത്മവിശ്വാസവും ആശ്വാസവും ലഭിച്ചിരിക്കുന്നു. യു.എ.ഇയില്‍ രോഗബാധിതരായവരില്‍ പത്ത് പന്ത്രണ്ട് ശതമാനം പേര്‍ മലയാളികളായതും ദുബൈയില്‍ നിന്ന് നാട്ടിലേക്ക് പോയവരില്‍ കൊവിഡ്-19 കൂടുതലായി കണ്ടെത്തിയതുമെല്ലാം ഗള്‍ഫ് മേഖലയിലുള്ളവരെയും അവരുടെ കുടുംബങ്ങളെയും കൂടുതല്‍ വിഷമത്തിലാക്കി.
ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളി സമൂഹത്തിനിടയില്‍ മികച്ച സേവനം എത്തിക്കാന്‍ കെ.എം.എസി.സിയുടെ വൊളന്റിയര്‍ വിങ്ങിന് കഴിഞ്ഞിട്ടുണ്ട്. ദുബൈ സര്‍ക്കാരുമായി ചേര്‍ന്നുനിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. യു.എ.ഇ നിവാസികളേക്കാള്‍ പ്രവാസികളായ ഓരോരുത്തരുടെയും രക്ഷയ്ക്ക് വേണ്ടിയാണ് ഇറങ്ങുന്നതെന്ന ചിന്തയാണ് കൂടുതല്‍ പ്രചോദനം നല്‍കുന്നത്. ഇവിടെ കൊവിഡ് പരിശോധന വ്യാപകമായി നടക്കുന്നുണ്ട്. പരമാവധിപേരെ പരിശോധിച്ച് രോഗ ബാധിതരല്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ദിവസം പതിനായിരത്തിലധികം പേരുടെ കൊവിഡ് ടെസ്റ്റാണ് നടക്കുന്നത്.
പബ്ലിക് ഹെല്‍ത്ത്‌സെന്ററുകള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കൊവിഡ് പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. രോഗവ്യാപനമുണ്ടായ നൈഫ് പ്രദേശങ്ങളില്‍ മൊബൈല്‍ യൂനിറ്റ് വഴിയും സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. കൂടാതെ കാറില്‍ തന്നെ ഇരുന്ന് പരിശോധിക്കാന്‍ കഴിയുന്ന ഡ്രൈവിങ് ത്രൂ ടെസ്റ്റും ഉണ്ട്. വലിയ തോതില്‍ പരിശോധന നടന്നുകഴിഞ്ഞപ്പോള്‍ ഇതുവരെയായി മൂവായിരത്തി അഞ്ഞൂറില്‍ താഴെ രോഗബാധിതരെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളുവെന്നത് ടെസ്റ്റ് അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയൊരു ആശ്വാസമാണ്. മറ്റൊന്ന് രോഗബാധിതരായ പ്രവാസികളില്‍ 90 ശതമാനവും ആരോഗ്യമുള്ളവരും മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തവരുമാണെന്നത് കൂടുതല്‍ പ്രതീക്ഷനല്‍കുകയാണ്. കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്റെ നേതൃത്വത്തില്‍ ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഉദ്യോഗസ്ഥ ഹരീബ് ജുമാബിന്‍ സബീഗ് അല്‍ഫലസിയുടെയും ആരോഗ്യവകുപ്പ് പ്രതിനിധി മുഹമ്മദ് മത്താറിന്റെയും സഹായത്തോടെ ബര്‍സാന്‍ പ്രദേശത്ത് തുടങ്ങിയ, പതിനായിരത്തോളം പേരെ പാര്‍പ്പിച്ച് ചികിത്സിക്കാന്‍ കഴിയുന്ന, കൊവിഡ് കെയര്‍ സെന്ററില്‍ സേവനപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനും ഇവിടത്തെ പ്രവാസികൂട്ടായ്മയ്ക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണ്.
ജനങ്ങളെ ഭയപ്പെടുത്താതെ കരുതലോടെയുള്ള പ്രവര്‍ത്തനം
ഹര്‍ഷാദ് എം.എ
കൊച്ചി കപ്പലണ്ടിമുക്ക് സ്വദേശി.
ഖത്തര്‍ ദോഹയില്‍ ജോലി
ലോകത്തെ മൊത്തത്തില്‍ ഭയപ്പെടുത്തി വ്യാപിക്കുന്ന കൊവിഡ്- 19 നെ തുടക്കത്തിലേ പിടിച്ചുകെട്ടാനുള്ള നീക്കത്തിലാണ് ഖത്തര്‍ ഭരണകൂടം. ജനങ്ങളെ കൊവിഡ് ഭീതിയിലാക്കാതെ വളരെ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാരും സന്നദ്ധപ്രവര്‍ത്തകരും ഖത്തറില്‍ നേതൃത്വം നല്‍കുന്നത്.
ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന ഖത്തര്‍ കൊവിഡ് ബാധിത മേഖലയെ പൂര്‍ണമായും ലോക്ക് ചെയ്യുകയും ചെയ്തു. കൊവിഡിനെക്കുറിച്ച് ഭീതി പരത്തുന്ന വിവരങ്ങള്‍ പുറത്തുവിടാതെ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ്. കൊവിഡ് വ്യാപനമുണ്ടായ സനയ്യയിലെ വ്യവസായ മേഖലയിലെ ഒന്നുമുതല്‍ 32 വരെ മേഖലകള്‍ പൂര്‍ണമായും അടച്ചു. ഇവിടെയുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചുനല്‍കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രിസഭാ യോഗം ചേര്‍ന്ന് നാല് ആഴ്ചകൊണ്ട് കൊവിഡിനെ തുരത്താനുള്ള കര്‍മ്മപദ്ധതികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
പൊതുഗതാഗതം നിര്‍ത്തിവച്ച ഖത്തര്‍ ഇപ്പോള്‍ ഭക്ഷ്യവിതരണ ശാലകളും ഫാര്‍മസികളും ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും വെള്ളിയും ശനിയും പൂര്‍ണമായും അടക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഓഫീസുകളില്‍ 80 ശതമാനം വര്‍ക്ക് അറ്റ് ഹോമും 20 ശതമാനം ഓഫീസികളിലുമാണ്. ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാണ് പ്രവര്‍ത്തനസമയം. കഫ്തീരിയകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും നേരത്തെ തന്നെ അടച്ചൂപൂട്ടിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം മറ്റുരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറില്‍ നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. മൂന്നിലധികം പേര്‍ കൂടി നില്‍ക്കുന്നത് കര്‍ശനമായി തടയുകയാണ്. വമ്പന്‍ തുക പിഴ ഏര്‍പ്പെടുത്തക്കൊണ്ടാണ് ഖത്തര്‍ പൊലിസും സര്‍ക്കാരും സമൂഹവ്യാപനം തടയാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്.
വീട്ടിലിരിക്കുന്നതാണ്
നല്ലതെന്ന് ഇപ്പോള്‍
തിരിച്ചറിഞ്ഞു
ശ്രീജ
കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിനി.
ഇറ്റലിയിലെ സിസ്‌ലിയയില്‍ നഴ്‌സ്
ഇവിടെ സോഷ്യലൈസ്ഡ് ലൈഫ് സ്റ്റൈയിലാണ്. എല്ലാവരും പാര്‍ക്കിലും ഷോപ്പിങ്ങുമായി എപ്പോഴും പുറത്താണ്. പലപ്പോഴും ഭക്ഷണം പുറത്ത് നിന്നാണ് കഴിക്കുന്നത്. ഈ ജീവിത ശൈലി സമൂഹവ്യാപനത്തിന് കാരണമായെന്നാണ് പറയുന്നത്. ഇപ്പോള്‍ വീട്ടിലിരിക്കുന്നതാണ് കൊവിഡിനെ തുരത്താന്‍ നല്ലതെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിഞ്ഞു. യു.എന്‍ ആസ്ഥാനത്തിന് പിന്നിലായുള്ള എന്റെ ഫ്‌ളാറ്റില്‍ നിന്ന് നോക്കിയാല്‍ നഗരത്തിന്റെ നല്ലൊരു ഭാഗം കാണാം. കൊവിഡ്- 19 റിപ്പോര്‍ട്ട് ചെയ്തപ്പോഴും വ്യാപിച്ചപ്പോഴുമെല്ലാം ജീവിത ശൈലി മാറ്റിയിരുന്നില്ല. എന്നാല്‍ പെട്ടെന്ന് ന്യൂയോര്‍ക്ക് നഗരത്തില്‍ പടര്‍ന്നുപിടിക്കുകയും കൂട്ടമരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായതോടെ നിരത്തുകള്‍ കാലിയായി. കര്‍ശനമായ നിര്‍ദേശങ്ങളും നടപടികളും ഉണ്ടായി. കേരളത്തില്‍ സ്വീകരിച്ച നടപടികളുടെ പകുതി ഇവിടെ സ്വീകരിച്ചിരുന്നെങ്കില്‍ ഇവിടെ കൊവിഡിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. എപ്പോഴും ഹെല്‍ത്ത് ചെക്കപ്പ് നടത്തുകയും വ്യായാമം നടത്തുകയും ചെയ്യുന്ന ഒരു സമൂഹമായിരുന്നതിനാല്‍ കൊവിഡ്-19 വന്നുപോകുമെന്നാണ് കരുതിയത്. എന്നാല്‍ വലിയ വിപത്തായി മാറുകയാണ്. ഇവിടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനൊപ്പം നാട്ടില്‍ കഴിയുന്ന ബന്ധുക്കളുടെ ആശങ്കകള്‍ കൂടി ഞങ്ങളെ അലോസപ്പെടുത്തുകയാണ്.
സംഹാര താണ്ഡവമാടുമ്പോഴും ആശ്വാസം ഇറ്റലിക്കാര്‍ നല്‍കുന്ന പിന്തുണ
മന്യ
ന്യൂയോര്‍ക്കിലെ
മന്‍ഹാന്‍ട്രണ്‍
സിറ്റിയില്‍ ബാങ്ക്
ഉദ്യോഗസ്ഥ
കൊവിഡ് ബാധിച്ചവരുടെ എണ്ണവും മരണവും നിയന്ത്രണാതീതമായി മാറുമ്പോഴും ആശ്വാസമാകുന്നത് ഇറ്റാലിയന്‍ ജനത നല്‍കുന്ന പിന്തുണയാണ്. 12 വര്‍ഷമായി കുടുംബ സമേതം ഇറ്റലിയിലാണ് ഞാന്‍. കൊവിഡ് രോഗം വന്നപ്പോള്‍ തന്നെ ഫലപ്രദമായ രീതിയില്‍ ലോക്ക്ഔട്ട് പ്രഖ്യാപിക്കാന്‍ കഴിയാതെ വന്നതാണ് ഇറ്റലി നേരിട്ട പ്രശ്‌നം. കൊവിഡ് വ്യാപനം ശക്തമായത് നോര്‍ത്ത് ഇറ്റലിയിലാണ്. ലോക്ക് ഔട്ട് പ്രഖ്യാപിച്ചശേഷം ആളുകള്‍ക്ക് യാത്രചെയ്യുവാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്തുകൊടുത്തു. പൊതുവെ സൗത്തില്‍ കൊവിഡ് പ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാല്‍ നോര്‍ത്തില്‍ താമസിക്കുന്ന പലര്‍ക്കും സൗത്തിലും വീടുകളുണ്ട്. ഇവര്‍ കൊവിഡ് ഭയന്ന് വേനല്‍ക്കാല വസതികളിലേക്ക് കൂട്ടത്തോടെ എത്തിയതോടെ എല്ലാ മേഖലയിലും രോഗം എത്തി. രോഗവ്യാപനം ലക്ഷക്കണക്കിന് ആളുകളിലേക്ക് വന്നപ്പോഴാണ് കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇവിടെയുള്ള ആളുകള്‍ വിദേശീയരോട് നല്ല രീതിയിലാണ് പെരുമാറുന്നത്. ഇവിടത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും തുല്യമായി തന്നെ വിദേശികള്‍ക്കും ലഭിക്കുന്നുണ്ട്. ആശുപത്രികളിലെ ഒരു വാര്‍ഡില്‍ മൂന്ന് പേര് എന്ന നിലയിലാണ് ക്രമീകരണം. എന്നാല്‍ സമൂഹവ്യാപനം വന്നതോടെ തടയാന്‍ കഴിയാതെ പോയി. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തില്‍ പ്രായം വന്നവരും മറ്റുരോഗങ്ങള്‍ വന്നവരും മരണപ്പെടുന്ന സാഹചര്യമായിരുന്നു. ജോലിക്ക് പോകാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് 100 യൂറോയുടെ സൗജന്യ പാസ് നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് അവശ്യവസ്തുക്കള്‍ വാങ്ങാന്‍ സൗകര്യമുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന മലയാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രവാസിസംഘടകളുടെ കൂട്ടായ്മകളും സജീവമായി രംഗത്തുണ്ട്.
വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നത്
ആഷിക് മുഹമ്മദ് നാസര്‍
കണ്ണൂര്‍ ഇരിട്ടി സ്വദേശി. യു.കെ
സോളിഹള്‍ നഗരത്തില്‍ എന്‍ജിനിയര്‍
ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെതുടര്‍ന്നാണ് സ്റ്റാഫ് നേഴ്‌സായ കോട്ടയം പുത്തത്തുറ ഇളംതോട്ടത്തില്‍ മെയ്‌മോള്‍ മാത്യൂവിനെ ലണ്ടനിലെ ബല്‍ക് ബേണിലെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ മാര്‍ച്ച് 18ന് മരണത്തിന് കീഴടങ്ങി. അമ്മയ്ക്ക് അവസാനമായി കാണണമെന്ന് ആഗ്രഹം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കള്‍. എയര്‍പോര്‍ട്ടുകള്‍ അടക്കപ്പെട്ടതോടെ കാര്‍ഗോയില്‍ കൊണ്ടുപോവാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. അവസാനം 20 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ യു.കെയില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചു. മരണം കൊവിഡ്-19 ബാധ മൂലമല്ലെങ്കിലും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ ആകെ പത്ത് പേര്‍ക്ക് മാത്രമാണ് അധികൃതര്‍ അനുമതി നല്‍കിയത്.
യു.കെയില്‍ കൊവിഡ്-19 ബാധിച്ചവരുടെ എണ്ണം അരലക്ഷം കവിയുകയും മരണങ്ങള്‍ ആറായിരത്തിന് മുകളിലാകുകയും ചെയ്തിരിക്കുകാണ്. മരണപ്പെട്ടവരില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരും ഉള്‍കൊള്ളുന്നുവെന്നതാണ് ദു:ഖകരമായ വാര്‍ത്ത. പാര്‍ട്ട് ടൈം ജോലി ചെയ്തുകൊണ്ടു പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിനാണ് ഇപ്പോള്‍ മലയാളി സംഘടനകള്‍ മുന്‍ഗണന നല്‍കുന്നത്.
റെസ്‌റ്റോറന്റുകളും പബ്ബുകളും മാളുകളും പൂട്ടിയതോടെ ഇവര്‍ക്ക് വരുമാനമില്ലാത്ത അവസ്ഥയാണ്. രോഗവ്യാപനം ശക്തമായതോടെ ഇവര്‍ മാനസികമായും വെല്ലുവിളി നേരിടുകയാണ്. ഇതിന് പരിഹാരമായി ലോക കേരള സഭയുടെ നേതൃത്വത്തില്‍ വിവിധ മലയാളി സംഘനകളെ ഏകോപിപ്പിച്ചുകൊണ്ട് വിവിധ പ്രദേശങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ്. ഇതിന് വേണ്ടി രൂപീകരിച്ച വെബ്‌സൈറ്റില്‍ ഇതിനകം മുന്നൂറോളം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടുവാടക നല്‍കാന്‍ ബുദ്ധിമുട്ടുന്നവരുണ്ട്. ഇവര്‍ക്ക് ഭക്ഷണം, സാമ്പത്തികം, നിയമസഹായം, ചികിത്സാ സഹായം, മാനസികമായ പിന്തുണ എന്നിവ നല്‍കുന്നതിനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ നിന്ന് വ്യത്യസ്തമായി ഇവിടെയുള്ളവര്‍ കൊവിഡിനെ നിസാരമായിട്ടാണ് ആദ്യം കണ്ടത്. അതാണ് വ്യാപനം വര്‍ധിച്ചത്. രോഗം വന്നുപോയാല്‍ പ്രതിരോധം നേടുമല്ലോയെന്നാണ് ഇവിടെയുള്ളവര്‍ ചിന്തിച്ചത്. ഇപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും വ്യാപകമായതോടെ ആശുപത്രികളിലേക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥ. എനിക്കും ഇപ്പോള്‍ കൊവിഡ് വൈറസ് ബാധയുണ്ടോയെന്ന് സംശയമാണ്. കാരണം രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും സമൂഹവ്യാപനത്തിന്റെ തോത് നല്ലരീതിയിലുണ്ട്. അതാണ് കൂടുതല്‍ ഭീതി പരത്തുന്നത്.
തുടക്കത്തില്‍ നിസാരമായി കണ്ടതാണ് അമേരിക്കയുടെ ദുരന്തം
ആനി ജോണ്‍ ലിബു
യു.എസ്.എയില്‍ നിന്നുള്ള ലോകകേരള സഭ പ്രതിനിധി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്
ദിവസവും അഞ്ഞൂറിന് മുകളില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ന്യൂയോര്‍ക്ക് സിറ്റിയും അമേരിക്കയും ഇതുവരെ കാണാത്ത ദുരന്തമുഖത്താണുള്ളത്. കൊവിഡിനെ വളരെ നിസാരമായിട്ട് കണ്ടതാണ് അമേരിക്കയ്ക്ക് ഇപ്പോള്‍ അനുഭവിക്കേണ്ടിവന്നിരിക്കുന്ന പ്രതിസന്ധി. ഇതെഴുതുമ്പോള്‍ രോഗികളുടെ എണ്ണം നാലു ലക്ഷത്തോളമായി. മരണസംഖ്യ പന്ത്രണ്ടായിരം പിന്നിട്ടു. പ്രധാനമായും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് സിറ്റിയിലാണ് എന്നതാണ് ഭയപ്പെടുത്തുന്നത്. ന്യൂയോര്‍ക്കില്‍ ദിവസവും മരിക്കുന്നവരുടെ കൂട്ടത്തില്‍ മലയാളികളുടെ പേരുകള്‍ കൂടി വരാന്‍ തുടങ്ങി. ഇപ്പോഴാണ് കൂടുതല്‍ കര്‍ശനമായ നടപടികളിലേക്ക് പോയിരിക്കുന്നത്. ഇപ്പോള്‍ നഗരങ്ങള്‍ വിജനമായി. എന്നാലും പൊതുഗതാഗതസംവിധാനങ്ങള്‍ ഉണ്ട്.
യു.എസ്.എയിലുള്ളവര്‍ പ്രധാനമായും പൊതുഗതാഗതസംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. മെട്രോ, ബസ്, ഫെറി സര്‍വീസുകളാണ്. നമ്മുടെ നാട്ടിലുള്ളതുപോലെ കാറുകളില്‍ യാത്രചെയ്യുന്നതിനല്ല കൂടുതല്‍ പേര്‍ക്കും താല്‍പര്യം. ഇപ്പോഴും ന്യൂയോര്‍ക്ക് സിറ്റിയില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുകയാണ്. എന്റെ ഭര്‍ത്താവ് ജോണ്‍ എം.റ്റി അതോറിറ്റിയില്‍ എന്‍ജിനീയറാണ്. അദ്ദേഹത്തിന് ഇപ്പോള്‍ ഒരാഴ്ച ജോലി, ഒരാഴ്ച ഓഫ് എന്ന നിലയിലേക്ക് ക്രമീകരിച്ചിരിക്കുകയാണ്. ജോണ്‍ എഫ്. കെന്നഡി എയര്‍പോര്‍ട്ടില്‍ ദിനംപ്രതി എത്തിയിരുന്നത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ്. ഇവര്‍ അവിടെ എത്തിയാല്‍ ന്യൂയോര്‍ക്കിലെ മന്‍ഹാട്രണ്‍ നഗരം സന്ദര്‍ശിച്ച ശേഷമാണ് മടങ്ങുന്നത്. ഇതാണ് ന്യൂയോര്‍ക്കില്‍ രോഗം വളരെ വേഗം പടരുന്നതിന് കാരണമായത്. വിമാനത്താവളം പൂര്‍ണമായും അടക്കാതെയുള്ള ക്രമീകരണങ്ങള്‍ ന്യൂയോര്‍ക്കിന്റെ താളം തെറ്റിച്ചു.
മാര്‍ച്ച് ഒന്നിന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും നിസാരമായി കണ്ടു. ആരും ഈ അവസ്ഥ വരുന്നത് ചിന്തിച്ചില്ല. ലോകത്തില്‍ ആരോഗ്യമേഖലയിലെ ഒന്നാം നമ്പര്‍ അമേരിക്കയല്ലേ, അതാണ് കരുതിയത്. എട്ട് വര്‍ഷത്തിനിടയില്‍ പല ദുരന്തങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ചുഴലിക്കാറ്റ് സംഹാര താണ്ഡവമാടിയപ്പോഴും അമേരിക്ക കുറഞ്ഞ ദിവസം കൊണ്ട് സാധാരണ ജീവിതത്തിലേക്ക് എത്തി. പക്ഷെ കൊവിഡ്-19 വലിയ തിരിച്ചടിയായി പ്പോയി. കൂടാതെ ഇന്‍ഷുറന്‍സ് മാനേജ് ചെയ്യുന്ന ആരോഗ്യമേഖലയാണ് അമേരിക്കയില്‍. ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടേഷന്‍ നടത്തിയാണ് എവിടെ എപ്പോള്‍ ചികിത്സിക്കാന്‍ പോകണമെന്ന് ആലോചിക്കുന്നത്. അതുകൊണ്ട് എമര്‍ജന്‍സി ഘട്ടത്തില്‍ മാത്രമേ ആശുപത്രിയില്‍ പോവുകയുള്ളൂ. അതും ഒരു പരിധിവരെ സമൂഹവ്യാപനത്തിന് കാരണമായിട്ടുണ്ട്.
കൊവിഡ് ഭീതിക്കൊപ്പം ആക്രമണ ഭയവും
നിസാര്‍ വടകര
ഹെയ്ത്തിയുടെ തലസ്ഥാനമായ ഫോര്‍ട്ടോപ്രിന്‍സില്‍ താമസം. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സെക്രട്ടറിയും ലോക കേരള സഭ പ്രതിനിധിയുമാണ്
ഹെയ്ത്തിയിലെ ഇപ്പോഴത്തെ സ്ഥിതി മറ്റെല്ലാ രാജ്യങ്ങളിലും ഉള്ളപോലെ തന്നെ കൊറോണ ബാധ കൂടിക്കൊണ്ടിരിക്കുന്നു. മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ മുപ്പതോളം മലയാളി കുടുംബങ്ങള്‍ കൊവിഡ് ഭീതിക്കൊപ്പം സ്വദേശികളുടെ ആക്രമണഭീതിയില്‍ കൂടിയാണ്.
കരീബിയന്‍ ദ്വീപ് സമൂഹങ്ങളില്‍പ്പെട്ട ഹെയ്ത്തി വളരെ ദരിദ്രവും കുറ്റകൃത്യങ്ങള്‍ കൂടുതലായിട്ടുമുള്ള രാജ്യമാണ്. യു.എന്‍ നല്‍കിയിരുന്ന സഹായങ്ങള്‍ ഭാഗികമായി നിലച്ച മട്ടിലാണ്. ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിയാവുന്നത്ര പേരെ നാടുകളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഹെയ്തി മെഡിക്കല്‍ സപ്പോര്‍ട്ട് കുറഞ്ഞ ഒരു രാജ്യമാണ് എന്നുള്ളത് ഞങ്ങള്‍ ഇതിനു മുന്‍പ് എംബസിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടും സൂചിപ്പിച്ചിരുന്നു. അതോടൊപ്പം ഇവിടെയുള്ള നാട്ടുകാര്‍ അക്രമാസക്തരാകാന്‍ സാധ്യതയുണ്ട് എന്നും ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു. ആ നിലയിലേക്കു സ്ഥിതികള്‍ പോകുന്നതായിട്ടാണ് ഞങ്ങള്‍ക്ക് മനസിലാകുന്നത്. കാരണം ഇവിടെ ഹെയ്തി ഗവണ്മെന്റ് തെരുവുകളില്‍ ഹാന്‍ഡ് വാഷിങ്ങിനു വേണ്ടി ബക്കറ്റുകളും സോപ്പും വച്ചിരുന്നു. എന്നാല്‍ ഒരു മീഡിയയില്‍ ഹെയ്ത്തിയിലുള്ളവര്‍ക്ക് കൊവിഡ്- 19 ബാധിക്കുകയില്ല എന്ന് പറയുകയുണ്ടായി. അതിന്റെ ഫലമായി തെരുവുകളില്‍ സ്ഥാപിച്ചിരുന്ന ബക്കറ്റുകള്‍ എടുത്ത് ഇവിടുത്തെ നാട്ടുകാര്‍ അഗ്നിക്ക് ഇരയാക്കുകയുണ്ടായി. ഇവിടെ ഉള്ളവര്‍ ഇപ്പോഴും സാധാരണ ജീവിതശൈലി തന്നെ തുടരുന്നു. ബോധവത്കരണം കുറവായതു കാരണം രോഗം പടര്‍ന്നുപിടിച്ച് വളരെ സങ്കീര്‍ണമാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ഇന്ത്യന്‍ കുടുംബങ്ങളും പുറത്ത് ഇറങ്ങാന്‍ മടിക്കുന്നു. മാത്രവുമല്ല ഇവര്‍ വിദേശികളെ കാണുമ്പോള്‍ ഏതു തരത്തില്‍ പ്രതികരിക്കും എന്നുള്ളതും ആളുകളെ ഭയപ്പെടുത്തുന്നു. ഇവിടുത്തെ ഇന്ത്യന്‍ അംബാസഡര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു അടിയന്തിര എയര്‍ലിഫ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ അനുമതിയും കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ അംബാസഡര്‍ ഹെയ്തി പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ക്ക് വൈദ്യസഹായവും സുരക്ഷയും ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ കഴിഞ്ഞകാല അനുഭവം വച്ചു നോക്കുമ്പോള്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയും എന്നത് ആശങ്കാജനകമാണ്. അതുകൊണ്ട് തന്നെ ഇവിടെയുള്ള കുട്ടികളും പ്രായമുള്ളവരും അടങ്ങുന്ന സംഘം ഒരു അടിയന്തിര എയര്‍ ലിഫ്റ്റിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."