മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരേ നടപടി
മുക്കം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കാരശ്ശേരി പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ആരോഗ്യ വകുപ്പും കാരശ്ശേരി പഞ്ചായത്തധികൃതരും പരിശോധന നടത്തി.
പല കെട്ടിടങ്ങളിലും മാലിന്യസംസ്‌കരണത്തിന് ആവശ്യമായ യാതൊരു സംവിധാനവുമില്ലാത്തതിനാല്‍ കെട്ടിടങ്ങളുടെ പരിസരത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. മഴയില്‍ ഈ മാലിന്യം ചീഞ്ഞുനാറുന്ന അവസ്ഥയും ഉദ്യോഗസ്ഥര്‍ക്ക് കാണാനായി. നെല്ലിക്കാപറമ്പിനും വലിയപറമ്പിനുമിടയിലെ ഒരു കെട്ടിടത്തിലെ മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതായും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.
പരിശോധനയില്‍ നിയമലംഘനം ശ്രദ്ധയില്‍പെട്ട കെട്ടിട ഉടമകളെ വിളിച്ചുവരുത്തി പിഴയടപ്പിക്കുകയും കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. മനുലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളും മറ്റും പരിശോധിക്കാന്‍ എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."