പരിശീലനത്തിനായി മണിപ്പൂരിലേക്ക് പോയ 123 അംഗ സംഘം യാത്ര മധ്യേ നാഗാലാന്റില്‍ കുടുങ്ങിയ സംഭവത്തില്‍ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയും പ്രതിഷേധവും.
പാലക്കാട്: ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ കേരള ഘടകത്തില്‍നിന്ന് ഉന്നത പരിശീലനത്തിനായി മണിപ്പൂരിലേക്ക് പോയ 123 അംഗ സംഘം യാത്ര മധ്യേ നാഗാലാന്റില്‍ കുടുങ്ങിയ സംഭവത്തില്‍ അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആശങ്കയും പ്രതിഷേധവും.
തൃശൂര്‍ ആസ്ഥാനമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ മലപ്പുറം പാണ്ടിക്കാട് ക്യാംപില്‍നിന്ന് മണിപ്പൂരില്‍ ഉന്നത പരിശീലനത്തിനുപോയ 115 റിക്രൂട്ട് പൊലിസുകാരും സപ്പോര്‍ട്ടിംഗ് ഓഫിസര്‍മാരായ മൂന്നുപേരും അഞ്ച് ഹവില്‍ദാര്‍മാരുമടങ്ങുന്ന സംഘമാണ് നാഗാലാന്റില്‍ കുടുങ്ങിക്കിടക്കുന്നത്.
പരിശീലനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടേയണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് യാത്ര മുടങ്ങിയ പൊലിസ് സംഘത്തെ നാഗാലാന്റിലെ കോഹിമ ബി.എസ്.എഫ് 93 ബറ്റാലിയനിലാണ് ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്നത്. ക്യാംപില്‍ മികച്ച പരിഗണനയും സുരക്ഷിതത്വവും ഉണ്ടെങ്കിലും ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാതെ ഇവര്‍ക്ക് കേരളത്തിലെത്തുക സാധ്യമല്ലെന്നതാണ് പൊലിസ് സംഘത്തിലുള്ളവരുടെ ബന്ധുക്കളെ അലട്ടുന്നത്.
മണിപ്പൂര്‍ ബി.എസ്.എഫിന്റെ 113, 182 ബറ്റാലിയനുകളില്‍ അറ്റാച്ച് ചെയ്തായിരുന്നു പരിശീലനം. മാര്‍ച്ച് 20ന് സംഘം പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ട്രെയിന്‍ യാത്ര ലക്ഷ്യമിട്ടാണ് മണിപ്പൂരില്‍ നിന്നു സംഘത്തെ നാഗാലാന്റിലെത്തിച്ചത്. എന്നാല്‍ യാത്രാ ദിവസത്തിനു തലേന്നാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണാധീതമായി തുടരുന്നതിനാല്‍ അന്തര്‍സംസ്ഥാന ട്രെയിന്‍ സര്‍വിസ് തുടങ്ങാന്‍ മാസങ്ങള്‍ തന്നെ വേണ്ടി വരുമെന്ന വിലയിരുത്തലിലാണ് സംഘം ഉള്ളത്.
നാഗാലാന്റിലെ കടുത്ത തണുപ്പും തുടര്‍ച്ചയായി ഉണ്ടാകുന്ന മഴയും സേനാംഗങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ബന്ധക്കുള്‍ വ്യക്തമാക്കുന്നു. പലരുടേയും മൊബൈല്‍ ബാലന്‍സ് തീര്‍ന്ന് വിളിച്ചാല്‍ കിട്ടാതായി തുടങ്ങിയിട്ടുണ്ട്. നാഗാലാന്റില്‍നിന്നു കേരളത്തിലേക്ക് 3800 കിലോമീറ്റര്‍ ദൂരം യാത്രയുണ്ട്.
ഇത്രയും ദൂരം പൊലിസിന്റെ തന്നെ വാഹനം നാഗാലാന്റില്‍ പോയി സംഘത്തെ റോഡ് മാര്‍ഗം കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് സേനാംഗങ്ങള്‍ പറയുന്നു.
അത് ഏറെ ദുഷ്‌ക്കരവും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നുമാണ് അവരുടെ നിലപാട്. മാത്രമല്ല 9 ദിവസമെങ്കിലും വേണ്ടി വരും കേരളത്തിലെത്താന്‍.
പലയിടങ്ങളിലും റോഡ് മോശമായതിനാല്‍ തുടര്‍ച്ചയായി 10 മണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യാനാവില്ല. സംഘത്തെ കേരളത്തിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന ബന്ധുക്കളുടെ ആവശ്യം പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സേനാംഗങ്ങള്‍.
വിമാനത്തില്‍ എത്തിക്കണമെന്നാണ് സേനാംഗങ്ങളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ കേരളത്തിലേക്ക് വരുന്ന ഗുഡ്‌സ് ട്രെയിനുകളില്‍ രണ്ടു കോച്ചുകള്‍ ചേര്‍ത്ത് ഇവരെ എത്തിക്കുന്നതിനെക്കുറിച്ചും ആവശ്യമുയരുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്ന സംഘത്തിലെ ഒരാളുടെ പിതാവ് മരണപ്പെട്ട സാഹചര്യത്തില്‍ അയാള്‍ക്ക് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സേനാംഗങ്ങളില്‍ ചിലരുടേയെങ്കിലും മാതാപിതാക്കള്‍ വിവിധ രോഗങ്ങളാല്‍ ശയ്യാവലംബരാണ് എന്നത് അംഗങ്ങളെ മാനസികമായി അലട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."