പള്ളിപ്പുറം മെഗാ ഫുഡ്പാര്‍ക്കിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍
പൂച്ചാക്കല്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ 130 കോടി രൂപ ചെലവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പള്ളിപ്പുറം വ്യവസായ വികസന കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന മെഗാ ഫുഡ്പാര്‍ക്കിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. സമുദ്ര ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വ്യവസായ ഇടപാടുകള്‍, കയറ്റുമതി, ശീതീകരിച്ച് സൂക്ഷിക്കല്‍ തുടങ്ങിയവയാണ് പള്ളിപ്പുറത്ത് നടക്കുക. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കല്‍, സംസ്‌ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തോപ്പുംപടി, വൈപ്പിന്‍, മുനമ്പം, നീണ്ടകര, അരൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. സമുദ്ര ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുക, മികച്ച വില ലഭ്യമാക്കുക, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പാഴാകുന്നത് തടയുക എന്നിവയാണ് ഫുഡ്പാര്‍ക്കിന്റെ ലക്ഷ്യങ്ങള്‍. ഇതിനൊപ്പം പ്രാദേശിക വികസനം, വ്യവസായിക വികസനം, സര്‍ക്കാരിനും തദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുമുള്ള നികുതി വരുമാനം, നൂറുകണക്കിനു തൊഴിലവസരങ്ങള്‍ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
പള്ളിപ്പുറത്ത് വ്യവസായ വികസന കോര്‍പറേഷന്റെ 65 ഏക്കര്‍ സ്ഥലത്താണ് ഫുഡ്പാര്‍ക്ക് വരുന്നത്. മാലിന്യപ്ലാന്റുകള്‍, റോഡ്, വൈദ്യുതി, വെള്ളം, ചുറ്റുമതില്‍, ഓടകള്‍ തുടങ്ങിയവയാണ് സംരഭകര്‍ക്കായി സര്‍ക്കാര്‍ സംവിധാനത്തില്‍ നല്‍കുന്നത്. യൂനിറ്റുകളുടെ കെട്ടിട നിര്‍മാണം സംരഭകര്‍ നടത്തും. ഓരോ യൂനിറ്റിനും ആറു മുതല്‍ 10 കോടി രൂപ വരെ ചെലവു വരുമെന്നാണ് ഏകദശേ കണക്ക്. ഇതോടെ കോടികളുടെ നിക്ഷേപം പള്ളിപ്പുറത്ത് പ്രതീക്ഷിക്കാമെന്നും അധികൃതര്‍ പറയുന്നു. 20ല്‍പ്പരം യൂനിറ്റുകള്‍ പാര്‍ക്കില്‍ ഉണ്ടാവും.
കഴിഞ്ഞ ജൂണ്‍ 11നാണ് നിര്‍മാണ ഉദ്ഘാടനം നടന്നത്. കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റായ 50 കോടി രൂപ, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും ഓഹരി പങ്കാളിത്തമായ 70 കോടി രൂപ, 10 കോടി രൂപ ബാങ്ക് വായ്പ എന്നിവയുള്‍പ്പടെ 130 കോടി രൂപയാണ് ഫുഡ് പാര്‍ക്കിന്റെ നിര്‍മാണ ചെലവ്. ഫുഡ്പാര്‍ക്കിനോട് അനുബന്ധിച്ചു ജല മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മാണവും നടക്കുകയാണ്. പാര്‍ക്കില്‍ നിന്നുള്ള മലിനജലം ശുചീകരിച്ചു വിടുന്നതിനാണ് ഇത്. ഇതുകൂടി പൂര്‍ത്തിയായ ശേഷം പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങാനാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."