കാസര്‍കോടിന് വീണ്ടും ആശ്വാസ തെന്നല്‍; 26 പേര് കൂടി ആശുപത്രി വിട്ടു
കാസര്‍കോട്: കാസര്‍കോടിന് ഇന്നലെ വീണ്ടും ആശ്വാസത്തിന്റെ ദിനമായിരുന്നു. കൊവിഡ് രോഗ ബാധിതരായ 26 പേര് കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 26 പേരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ കാസര്‍കോട്ട് കഴിഞ്ഞ ദിവസംവരെ രോഗം സ്ഥിരീകരിച്ച 166 പേരില്‍ 61 പേരാണ് ആശുപത്രി വിട്ടത്. ഇതില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് കാസര്‍കോട് ജില്ലക്കാരും ഉള്‍പ്പെടും. രാജ്യത്ത് തന്നെ ഒരു ആശുപത്രിയില്‍ നിന്നും ഇത്രയധികം പേര് രോഗമുക്തി നേടുന്നത് ഇതാദ്യമായിട്ടാണ്.
37 ശതമാനമാണ് റിക്കവറി റേറ്റ്. അമേരിക്കയില്‍ ഇത് 5.7 ശതമാനവും, ഇന്ത്യയില്‍ 11.4 ശതമാനവും ആണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എ.വി രാമദാസ് വ്യക്തമാക്കി. ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ ആരും മരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇതിനു പുറമെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ഇന്നലെ ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിക്കാത്തതും ജില്ലയില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ആതുര രംഗത്തു ഏറെ പിന്നാക്കം നില്ക്കുന്ന ജില്ലയില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാരും രോഗികളും കൊവിഡ് 19 നോട് പൊരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."