ലോക്ക്ഡൗണ്‍ പട്ടിണിയാക്കി; അഞ്ചു മക്കളെ ഗംഗയില്‍ എറിഞ്ഞ് മാതാവ്
ബദോഹി: വിശന്നു വിശന്നുള്ള കുഞ്ഞുമക്കളുടെ കരച്ചില്‍ അവരെ അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ടാവണം. മുട്ടാന്‍ ഒരു വാതിലു പോലും ബാക്കിയില്ലാതിരുന്ന ആ സമയത്താവണം അവര്‍ അങ്ങിനെ ഒരു തീരുമാനമെടുത്തിട്ടുണ്ടാവുക. ഇനിയും അവരെ വിശക്കാന്‍ അനുവദിക്കില്ലെന്നൊരു തീരുമാനം. വിശപ്പില്ലാത്ത ലോകത്തേക്ക് അവരെ പറഞ്ഞയച്ചേക്കാമെന്നൊരു തീരുമാനം.
കൊവിഡ് 19 വ്യാപനത്തെ തടയാന്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ ലോക്കാക്കിയത് രാജ്യത്തെ ആയിരങ്ങളുടെ ഒരു നേരത്തെ അന്നം കൂടിയാണ്. ഒന്നും കഴിക്കാനില്ലാത്തതിന്റെ പേരില്‍ അഞ്ച് കുട്ടികളെ ഗംഗ നദിയില്‍ വലിച്ചെറിഞ്ഞിരിക്കുകയാണ് ഒരു അമ്മ. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലെ ജഗാംഗീര്‍ബാദിലാണ് സംഭവം നടന്നത്.
താന്‍ കൂലിപ്പണിക്ക് പോയാണ് കുട്ടികളെ നോക്കിയിരുന്നത്. ലോക്ഡൗണായതിനാല്‍ ഭക്ഷണം നല്‍കാന്‍ പണമില്ലാതെ വന്നെന്നും അമ്മ പറഞ്ഞതായി പ്രദേശത്തുള്ളവര്‍ പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഭര്‍ത്താവിനോട് വഴക്കിട്ടതിന്റെ പേരിലാണ് കുട്ടികളെ നദിയിലെറിഞ്ഞതെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു. മാതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ആഴമേറിയ സ്ഥലത്ത് വലിച്ചെറിഞ്ഞതിനാല്‍ അവരെ രക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും പൊലിസ് ആശങ്ക പ്രകടിപ്പിച്ചു. ഇപ്പോള്‍ കുട്ടികളെ കണ്ടെത്തുന്നതിനാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. പിന്നീട് അന്വേഷണത്തിലേക്ക് കടക്കുമെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."