30 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശി അറസ്റ്റില്‍
കൊല്ലം: സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി 30 കോടിയോളം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ വിദേശി അറസ്റ്റില്‍. കാമറൂണ്‍ സ്വദേശി തോംസണാ(45)ണ് ഡല്‍ഹി നിസാമുദ്ദീനിലെ ഹോട്ടലില്‍ നിന്ന് പിടിയിലായത്. തട്ടിപ്പ് നടത്തി മലപ്പുറം സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇത്തരത്തില്‍ 15 ലക്ഷത്തോളം രൂപയുടെ തട്ടിപ്പിനിരയായ അഞ്ചാലുംമൂട് സ്വദേശി ഫസലുദ്ദീന്റെ പരാതിയില്‍ അഞ്ചാലുംമൂട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സമാനമായ കേസില്‍ കോഴിക്കോട് നിന്ന് നേരത്തേ അറസ്റ്റ് ചെയ്ത ഒന്നാംപ്രതി മുഹമ്മദ് ശെരീഫ് റിമാന്‍ഡിലാണ്. കളര്‍ പേപ്പറുകള്‍ ഡോളര്‍ ആക്കിമാറ്റാമെന്ന് പറഞ്ഞും ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ചും ആണ് ഇവര്‍ ആളുകളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി പണം കൈക്കലാക്കുന്നത് ഉള്‍പ്പെടെയുള്ള തട്ടിപ്പുകളും നടത്തിയിരുന്ന വന്‍ സംഘത്തിലെ കണ്ണികളിലൊരാളാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
അമേരിക്കന്‍ ഡോളര്‍ ആണെന്ന് പറഞ്ഞ് ഒരു ലോക്കര്‍ ബംഗളൂരുവില്‍ വച്ച് വിദേശികളായ തട്ടിപ്പ് സംഘം നേരത്തേ അറസ്റ്റിലായ മുഹമ്മദ് ശെരീഫിന് കൈമാറിയിരുന്നു. നീല പേപ്പര്‍ കെട്ടുകള്‍ നിറച്ച ലോക്കര്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അമേരിക്കന്‍ ഡോളറിന്റെ വലുപ്പത്തില്‍ നീല നിറത്തിലുളള പേപ്പറുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് ഇരുമ്പ് ലോക്കറില്‍ നിറച്ച് സ്യൂട്ട്‌കേസിലാക്കിയാണ് നല്‍കിയിരുന്നത്. ഈ പേപ്പര്‍ ഒരു പ്രത്യേക ലായനി ഉപയോഗിച്ച് അമേരിക്കന്‍ ഡോളറുകള്‍ ആക്കാന്‍ കഴിയുമെന്നാണ് പ്രതികള്‍ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള ലായനി ലഭിക്കുന്നതിനായി ഇരകളില്‍ നിന്ന് വീണ്ടും പണം ആവശ്യപ്പെടുകയാണ് ഇവരുടെ ഒരു രീതി.
ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിക്കുന്നതിനായി ഐ.എം.എഫ്, ആര്‍.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വ്യാജ ലെറ്ററുകള്‍ ഇമെയില്‍ മുഖേന ഇരകള്‍ക്ക് അയച്ചുകൊടുത്തും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. കൂടാതെ ബാങ്ക് ഇടപാടുകളെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അവ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നാണെന്ന വ്യാജേന സന്ദേശങ്ങള്‍ അയച്ചും ഇവര്‍ പണം തട്ടിയെടുത്തിരുന്നു. മാസങ്ങളായി സംഘത്തിന്റെ പ്രവര്‍ത്തനം സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ നിരീക്ഷിച്ച് വരുന്നതിനിടെയിലാണ് മലപ്പുറം സ്വദേശിയെ സംഘം ബന്ധപ്പെട്ട് വരുന്നതായി വിവരം ലഭിച്ചത്. ഇതിനെതുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. അറസ്റ്റിലായ പ്രതിയുടെ പക്കലുണ്ടായിരുന്ന രണ്ട് പാസ്‌പോര്‍ട്ടുകളില്‍ ഒന്നു വ്യാജമായിരുന്നു. ഈ സംഘത്തിന് അന്താരാഷ്ട്ര തലത്തില്‍ ശൃംഖല ഉള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി സിറ്റി പൊലിസ് കമ്മിഷണര്‍ അരുള്‍ ആര്‍.ബി.കൃഷ്ണ അറിയിച്ചു. കൊല്ലം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ എ.അശോകനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എസ്.ഐ മാരായ മുഹമ്മദ് ഖാന്‍. ബാലന്‍.കെ, ആര്‍. രതീഷ്, ധനപാലന്‍, അനില്‍കുമാര്‍ ബി.എസ്, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാനവാസ് എച്ച്, കെ.എന്‍ അനില്‍കുമാര്‍, സി.പി.ഒമാരായ അഭിലാഷ്, പ്രേംകുമാര്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."