'ക്ലാറ്റ്'പരീക്ഷ: ആരോപണങ്ങള്‍ ശരിവച്ച് സമിതിയുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ നിയമ സര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ (ക്ലാറ്റ്) സംബന്ധിച്ചുയര്‍ന്ന ആക്ഷേപങ്ങള്‍ ശരിവച്ച് രണ്ടംഗ സമിതി റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ വഴി നടത്തിയ പ്രവേശന പരീക്ഷയില്‍ പ്രധാനമായും 12 തകരാറുകള്‍ കണ്ടെത്തിയതായി കേരള ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍, കൊച്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) ശാസ്ത്ര വിഭാഗം മേധാവി പ്രഫ. സന്തോഷ് കുമാര്‍ എന്നിവര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പരീക്ഷാ വെബ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഉണ്ടായ തകരാറുകള്‍, കംപ്യൂട്ടറോ മൗസോ മാറ്റിയപ്പോള്‍ ഉണ്ടായ തടസങ്ങള്‍, ചോദ്യങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ അദൃശ്യമായത്, യു.പി.എസ് ഇല്ലാത്തതിനാല്‍ വൈദ്യുതി തടസം നേരിട്ടത് മൂലം പല തവണ ലോഗിന്‍ ചെയ്യേണ്ടി വന്നു, ഇത് ശ്രദ്ധമാറാന്‍ കാരണമായി തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിച്ചത്. 8500 പരാതികളില്‍ 210 പേര്‍ക്ക് നിശ്ചിത സമയത്തിലും കുറവ് സമയമേ ലഭിച്ചുള്ളൂവെന്നും ഇവര്‍ക്ക് രണ്ടുമിനുട്ടില്‍ അധികം സമയം നഷ്ടമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
1899 പരീക്ഷാര്‍ഥികള്‍ക്ക് ഒന്നില്‍ കൂടുതല്‍ തവണ ലോഗിന്‍ ചെയ്യേണ്ടി വന്നു. ആദ്യ ലോഗിന്‍ സമയത്ത് തന്നെ ശ്രമം പരാജയപ്പെട്ടുവെന്നത് പരീക്ഷാ നടത്തിപ്പിലെ പ്രധാന പോരായ്മയാണ്. കൊടും ചൂടില്‍ പരീക്ഷ നടന്ന പ്രധാന കേന്ദ്രത്തില്‍ എ.സി സൗകര്യമില്ലായിരുന്നു. വൈദ്യുതി തടസം വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളുടെ സമയം പാഴാക്കി. ഏറെ ഏകാഗ്രത ആവശ്യമുള്ള മത്സര പരീക്ഷയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണിവ. വീണ്ടും ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുന്നതില്‍ പരീക്ഷാ ഹാളിലെ നിരീക്ഷകര്‍ പരാജയപ്പെട്ടു. ആദ്യമായി ലോഗിന്‍ ചെയ്തത് തന്നെ പരാജയമായതിനാല്‍ പരാതികളില്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിലും പരാജയപ്പെട്ടുവെന്നും സമിതി ചൂണ്ടിക്കാട്ടി.
പുനഃപരീക്ഷ നടത്തുക, നിലവിലുള്ള റാങ്ക് ലിസ്റ്റിനെ ഇത് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക എന്നീ രണ്ടുനിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. കഴിഞ്ഞമാസം 13നു ദേശീയതലത്തില്‍ നടന്ന ഓണ്‍ലൈന്‍ പരീക്ഷയില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി പരിഗണിച്ച് സുപ്രിം കോടതിയാണ് സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."