വിനോദസഞ്ചാര മേഖലയില്‍ സമഗ്രമാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍
നീലേശ്വരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണത്തിനൊരുങ്ങുന്നു. സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങള്‍ക്ക് തടസം വരാത്ത വിനോദസഞ്ചാര പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടുതല്‍ തൊഴിലവസരങ്ങളും ഇതിന്റെ ഭാഗമായി സൃഷ്ടിക്കും. പുറമേ ഗ്രാമീണമേഖലയിലെ യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിതമായ കഴിവുകള്‍ ഉണ്ടാക്കാനുതകുന്ന ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും.
സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഉത്തരവാദിത്വ വിനോദസഞ്ചാര പദ്ധതിക്കാണു രൂപം നല്‍കുന്നത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫലപ്രദമായ മാലിന്യനിര്‍മാര്‍ജനം നടപ്പിലാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍.ജി.ഒകള്‍, ടൂറിസം വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയായിരിക്കും ഇതു നടപ്പാക്കുക.
ഇതോടൊപ്പം മൈക്രോ ഡെസ്റ്റിനേഷനുകളില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനവും ഗ്രീന്‍ പ്രൊട്ടോകോള്‍ നടപ്പാക്കുന്നതും ഉദേശിക്കുന്നുണ്ട്.
പരിസ്ഥിതി, സംസ്‌കാരം, പൈതൃകം എന്നിവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ നല്‍കും. വനം വന്യജീവി, സാംസ്‌കാരികം, തുറമുഖം, വൈദ്യുതി, ജലസേചനം, ഫിഷറീസ്, കൃഷി തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി ലൈഫ് ഗാര്‍ഡുകളുടേയും, ടൂറിസ്റ്റ് വാര്‍ഡന്‍മാരുടേയും എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."