ഇരുഹറമുകളിലും പ്രാര്‍ഥനാ നിരതരായി ദശലക്ഷങ്ങള്‍
ജിദ്ദ: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ പുണ്യ ഹറം ശരീഫ് മസ്ജിദുകളില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ദശലക്ഷങ്ങള്‍. ഇരുഹറമുകളിലേക്കും വ്യാഴാഴ്ചതന്നെ വിശ്വാസികളുടെ പ്രവാഹം തുടങ്ങിയിരുന്നു. ഇരുഹറമിലേക്കുമുള്ള റോഡുകളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. 10ലക്ഷത്തിലേറെ പേര്‍ മക്കയിലും അഞ്ച് ലക്ഷത്തിലധികം പേര്‍ മദീനയിലും സംഗമിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ഹറമില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പലര്‍ക്കും റോഡുകളിലും പുറത്തെ കെട്ടിടങ്ങളിലും നിസ്‌കരിക്കേണ്ടി വന്നു. ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ മസ്ജിദുല്‍ ഹറം പള്ളി നിറഞ്ഞു കവിഞ്ഞു. ആഭ്യന്തര-വിദേശ തീര്‍ഥാടകരും മക്കാ വാസികളും ജിദ്ദ, ത്വായിഫ്, യാമ്പൂ, ഖുന്‍ഫുദ, റിയാദ് തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ നിന്നെത്തിയവരും ജുമുഅക്ക് അണിനിരന്നപ്പോള്‍ ഹറമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു.
ജനലക്ഷങ്ങളെ നിയന്ത്രിക്കാന്‍ അധികൃതര്‍ നടത്തിയത് വന്‍ മുന്നൊരുക്കങ്ങളായിരുന്നു. തിരക്ക് മൂന്‍കൂട്ടി കണ്ട് ഹറം കാര്യാലയവും വിവിധ വകുപ്പുകളും ആവശ്യമായ നടപടികളും ഒരുക്കങ്ങളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."