കൊവിഡിനിടയില്‍ 'വിദ്വേഷ വൈറസ് ' വിളംബരം; രണ്ടു പേര്‍ അറസ്റ്റില്‍
ബംഗളൂരു: കൊവിഡ് -19 ഭീതിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുന്നതിനിടെ ബംഗളൂരു റൂറലില്‍ വിദ്വേഷ വിളംബരവുമായി ഒരു പഞ്ചായത്ത്. മുസ്‌ലിംകള്‍ക്കെതിരേ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനം കൈകൊണ്ടാണ് പഞ്ചായത്ത് വിവാദത്തിന് തിരികൊളുത്തിയത്. സാഹിബന്മാര്‍ (മുസ്‌ലിംകള്‍)പഞ്ചായത്ത് പരിധിയില്‍ വരരുതെന്നും ഇവര്‍ക്ക് ആരും ജോലി നല്‍കരുതെന്നുമാണ് പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേര്‍ന്ന് തീരുമാനം കൈകൊണ്ടത്. രാമനഗരിയിലെ അങ്കണഹള്ളി പഞ്ചായത്ത് പ്രസിഡന്റ് എന്‍.മഹേഷിന്റെ അധ്യക്ഷതയിലുള്ള സംഘമാണ് 'വിദ്വേഷ വൈറസ് ' വ്യാപനത്തിന് തീരുമാനം കൈകൊണ്ടത്. ആരെങ്കിലും മുസ്‌ലിംകള്‍ക്ക് ജോലി നല്‍കിയാല്‍ 500 രൂപ മുതല്‍ ആയിരം രൂപ വരെ തൊഴിലുടമകളില്‍ നിന്നും പിഴ ഈടാക്കുമെന്നും തീരുമാനമെടുത്തു. ഈ വിവരം ജനങ്ങളെ അറിയിക്കാന്‍ ചെണ്ട കൊട്ടി വിളംബരം ചെയ്യാനും, ചെണ്ട കൊട്ടിയുള്ള വിളംബരം ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുംയോഗം ആളുകളെ ഏര്‍പ്പെടുത്തി. ചെണ്ട കൊട്ടി വിളംബരം ചെയ്യാന്‍ രാമയ്യ എന്നയാളെയും വിഡിയോയില്‍ പകര്‍ത്തി വാട്‌സ് ആപ്,ഫേസ് ബുക്ക് ഉള്‍പ്പടെ പ്രചരിപിക്കാന്‍ കെ.രാജേഷ് എന്നയാളെയുമാണ് ചുമതലപ്പെടുത്തിയത്.
വിദ്വേഷ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ഒളിവില്‍ പോയി. പൊലിസ് രാമയ്യയേയും രാജേഷിനേയും അറസ്റ്റ് ചെയ്തു.
രാജ്യത്ത് മുഴുവന്‍ കൊവിഡ് പരത്തുന്ന വിഭാഗമാണ് മുസ്‌ലിംകള്‍ എന്ന പ്രചാരണവും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."