വീട്ടമ്മയെ കാണാതായ സംഭവം അന്വേഷിക്കുന്നതില്‍ ഗുരുതര വീഴ്ച
തൊടുപുഴ : ഇടുക്കി സ്വദേശിനിയായ വീട്ടമ്മയെ കാണാതായ സംഭവം അന്വേഷിക്കുന്നതില്‍ പൊലിസ് തികഞ്ഞ അലംഭാവം കാട്ടുന്നതായി ഭര്‍ത്താവും മകനും ബന്ധുക്കളും. ഹര്‍ത്താല്‍ ദിനമായ ഏപ്രില്‍ ഒമ്പതിന് തറവാട്ടുവീട്ടിലേക്കെന്നു പറഞ്ഞു പോയ ഇടുക്കി വെണ്മണി എട്ടൊന്നില്‍ ചാക്കോയുടെ ഭാര്യ ഏലിയാമ്മ(55) യെയാണ് പിന്നീട് കാണാതായത്.
തിരോധാനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച സംശങ്ങള്‍ പരിഗണിക്കാനോ ഈ തലത്തില്‍ അന്വേഷണം നടത്താനോ പൊലിസ് തയ്യാറായിട്ടില്ലെന്ന് മകന്‍ ഷിന്റോ ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മാത്രമല്ല ഇപ്പോള്‍ വാദിയെ പ്രതിയാക്കുന്ന നിലയിലേക്കു കൂടി കാര്യങ്ങള്‍ ഗതിമാറ്റാന്‍ നീക്കം നടക്കുകയാണ്.
കഴിഞ്ഞ ദിവസം തന്റെ ബന്ധുവായ സജിയെ വിളിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പ്രതി ചേര്‍ക്കുമെന്ന തരത്തിലുള്ള സൂചനകള്‍ നല്‍കിയതായി ഷിന്റോ പറഞ്ഞു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. എന്നാല്‍ താന്‍ ഉന്നയിച്ച സംശയങ്ങള്‍ സംബന്ധിച്ചും അന്വേഷിക്കണമെന്നു ഷിന്റോ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ കഞ്ഞിക്കുഴി എസ്‌ഐ തൃപ്തികരമായ നിലയിലായിരുന്നു കേസന്വേഷിച്ചത്. പിന്നീട് സിഐ അന്വേഷണ ചുമതല ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.
ഒമ്പതിന് വൈകുന്നേരമായിട്ടും ഏലിയാമ്മ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു ചാക്കോ നടത്തിയ അന്വേഷണത്തില്‍ തറവാട്ടു വീട്ടിലെത്തിയിട്ടില്ലെന്ന് അറിഞ്ഞു. സമീപവാസിയായ സഹോദരന്റെ വീടിനടുത്ത് വെച്ച് ഏലിയാമ്മയെ പരിചയക്കാരന്‍ കണ്ടിരുന്നു. ഇക്കാര്യം പൊലിസ് അന്വേഷിക്കുന്നില്ല. വെണ്മണി ബാങ്കിന്റെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ ഏലിയാമ്മ സമീപത്തു കൂടി നടന്നു പോകുന്ന ദൃശ്യം എസ്‌ഐ കണ്ടിരുന്നു. എന്നാല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കാനോ ശേഖരിക്കാനോ അതു മുന്‍ നിര്‍ത്തി അന്വേഷണം നടത്താനോ പൊലിസ് തയ്യാറായില്ല. ദൃശ്യങ്ങള്‍ കാമറയില്‍ നിന്നും ശേഖരിക്കാന്‍ ടെക്‌നീഷ്യനില്ലെന്ന ആദ്യം പറഞ്ഞ പൊലിസ് ഇപ്പോള്‍ ദൃശ്യങ്ങള്‍ കാലഹരണപ്പെട്ടുവെന്ന മറുപടിയാണ് നല്‍കുന്നത്. അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടിക്കാട്ടി മെയ് ഏഴിന് ഇടുക്കി ജില്ലാ പൊലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നല്‍കിയെങ്കിലും യാതോരു നടപടിയുമുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് തങ്ങളെ പ്രതിയാക്കാന്‍ നീക്കം നടക്കുന്നതെന്ന് ചാക്കോയും മകനും പറയുന്നു.
ഏലിയാമ്മയുടെ ഇളയ മകന്‍ എട്ട് വര്‍ഷം മുമ്പു മരിച്ചു.അതിനുശേഷം മാനസിക പ്രശ്‌നത്തിന് ചികില്‍സയിലാണ് ഏലിയാമ്മ. വീട്ടിലുണ്ടായിരുന്ന 43,000 രൂപയും എടുത്താണ് ഏലിയാമ്മ പോയതെന്ന് ഭര്‍ത്താവ് ചാക്കോ പറഞ്ഞു. മൂന്നു പവന്‍ സ്വര്‍ണവും ഏലിയാമ്മയുടെ പക്കലുണ്ട്.
അഞ്ച് സഹോദരങ്ങളാണ് ഏലിയാമ്മയ്ക്കുള്ളത്. എന്നാല്‍ സഹോദരിയെ കാണാതായിട്ടും അന്വേഷണത്തിനോ പരാതി നല്‍കാനോ കൂട്ടാക്കാത്ത ഇവരുടെ നിലപാട് ദുരൂഹമാണെന്ന് ചാക്കോയും മകനും പറയുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഏലിയാമ്മയെ ഈ സഹോദരങ്ങള്‍ എന്തോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മാറ്റിനിര്‍ത്തിയിരിക്കുകയോ അപായപ്പെടുത്തുകയോ ചെയ്തതായി സംശയിക്കുന്നുവെന്നു ചാക്കോ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ബസ്സുകളോ മറ്റ് യാത്രാ സംവിധാനങ്ങളോ ഇല്ലാതിരുന്ന ഹര്‍ത്താല്‍ ദിനത്തില്‍ മറ്റാരുടെയെങ്കിലും സഹായമില്ലാതെ ഏലിയാമ്മയ്ക്ക് എങ്ങോട്ടെങ്കിലും പോകാനാവില്ല.സമീപത്തെ നിരവധി ഓട്ടോറിക്ഷക്കാരോടും പരിചയക്കാരോടുമൊക്കെ വിവരങ്ങള്‍ തിരക്കി ചില സൂചനകള്‍ അറിയിക്കുമ്പോള്‍ അത് സ്വീകരിക്കാതെ പൊലിസിനെ അന്വേഷണം പഠിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നതെന്ന് ഷിന്റോ പറഞ്ഞു. ഏതുവിധേനയും അന്വേഷണം നടത്തി അമ്മയെ കണ്ടെത്തിത്തരണമെന്നാണ് തന്റെ ആവശ്യമെന്നും ഷിന്റൊ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."