150 വീടുകള്‍ തകര്‍ന്നു തലശ്ശേരിയില്‍ രൂക്ഷമായ കടലാക്രമണം
തലശ്ശേരി: തലശ്ശേരി തീരപ്രദേശങ്ങളില്‍ ശനിയാഴ്ച രാത്രിയും ഇന്നലെയുമുണ്ടായ രൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് പ്രദേശത്തെ 150 വീടുകള്‍ തകര്‍ന്നു.
തലായ് പ്രദേശത്ത് 90 വീടുകളും മാക്കൂട്ടത്ത് 60 വീടുകളുമാണ് ഉപയോഗിക്കാന്‍ കഴിയാത്തവിധം തകര്‍ന്നത്. കടല്‍ വെള്ളത്തിനൊപ്പം വീട്ടിന്റെ ജനാല തകര്‍ന്നു വീണ് പുന്നോല്‍ പെട്ടിപ്പാലം കോളനിയില്‍ ഒരാള്‍ക്കു പരുക്കേറ്റു. കോളനി നിവാസി എം.കെ ബാബുവിനാണ് കാലിനു പരുക്കേറ്റത്. പുന്നോല്‍ പെട്ടിപ്പാലം, റസ്റ്റ് ഹൗസിനു സമീപത്തെ മണക്കായ് ദ്വീപ് എന്നിവിടങ്ങളിലാും കടലാക്രമണമുണ്ടായതിനെത്തുടര്‍ന്ന് തീരത്തെ നിരവധി കുടിലുകള്‍ ഏതുനിമിഷവും കടലെടുക്കുമെന്ന അവസ്ഥയിലാണ്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് കൂറ്റന്‍ തിരമാലകള്‍ കടല്‍ ഭിത്തി തകര്‍ത്ത് സമീപത്തെ വീടുകളിലെത്തിയത്. വാതിലുകളും ജനാലകളും തകര്‍ത്ത് വെള്ളം വീട്ടിനകത്തേക്ക് ശക്തമായി പ്രവഹിക്കുകയായിരുന്നു. തിരമാലയുടെ ശക്തി കണ്ട് ജനങ്ങള്‍ ഇറങ്ങിയോടി. വീട്ടിനുള്ളില്‍ വെള്ളം കയറിയിനെത്തുടര്‍ന്ന് അലമാരകളില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍ എന്നിവയും നശിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ രൂക്ഷമായ കടലാക്രണമാണ് തലശ്ശേരി തീരത്തുണ്ടായത്.
തലായ് തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് പുലുമുട്ട് നിര്‍മിച്ചതോടെയാണ് തീരദേശത്ത് രൂക്ഷമായ കടലാക്രമണമുണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീടുകളിലേക്ക് കടല്‍വെള്ളം അടിച്ചു കയറുന്നത് തടയാന്‍ തീരദേശവാസികള്‍ താല്‍കാലികമായി ഓവുചാല്‍ തീര്‍ത്താണ് ഇവിടെ കഴിയുന്നത്.
ഏതു നിമിഷവും നിലം പൊത്തുന്ന കുടിലുകള്‍ക്ക് പുറത്ത് അടുപ്പു കൂട്ടിയാണ് ഇവിടെയുള്ള കുടുംബങ്ങള്‍ ആഹാരം പാകം ചെയ്യുന്നത്. ട്രോളിങ് ഏര്‍പ്പെടുത്തിയതോടെ വറുതിലായ തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ കടലാക്രമണവും കൂടിയുണ്ടായതോടെ കടുത്ത ദുരിതത്തിലായി. കൂടുതല്‍ കടലാക്രമണം സംഭവിക്കുന്നതിനു മുമ്പേ അധികൃതര്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ ഇവരുടെ ജീവനുതന്നെ ഭീഷണിയുണ്ടാകുന്ന അവസ്ഥയാണുള്ളത്. എ.എന്‍ ഷംസീര്‍ എം.എല്‍.എ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."