സ്പ്രിംഗ്‌ളര്‍ കരാറില്‍ ഭരണ പ്രതിപക്ഷ വാക് പോര്: രേഖകള്‍ പുറത്തുവിട്ട് സര്‍ക്കാര്‍, ഗുരുതര പിശകുകളുണ്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാറിന്റെ പേരില്‍ ഭരണ പ്രതിപക്ഷ വാക് പോര് തുടങ്ങി. സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത്.
അതിനിടെ എല്ലാ രേഖകളും പരസ്യമാക്കി സര്‍ക്കാരും രംഗത്തെത്തി. വിവരങ്ങളുടെ അന്തിമ അവകാശം പൗരനാണെന്നു വിശദീകരിച്ചാണ് സര്‍ക്കാര്‍ രേഖകള്‍ പുറത്തുവിട്ടത്. ഏപ്രില്‍ രണ്ടിനാണ് കരാര്‍ പുറത്ത് വിട്ടത്. മുന്‍കാല പ്രാബല്യത്തോടെയാണ് കരാര്‍ ഒപ്പിട്ടത്. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24 വരെയാണ് കരാര്‍ കാലാവധി.
സ്പ്രിംഗ്‌ളര്‍ ഐ.ടി സെക്രട്ടറിക്കയച്ച കത്തുകളും ഇന്ന് പുറത്ത് വിട്ടിട്ടുണ്ട്, കത്തുകള്‍ നല്‍കിയത് ഏപ്രില്‍ 11നും പന്ത്രണ്ടിനുമാണ്. വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും, കമ്പനി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയതായും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
എന്നാല്‍ പത്താം തീയതിയാണ് പ്രതിപക്ഷ നേതാവ് സ്പ്രിംഗ്‌ളര്‍ കരാറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വാത്താസമ്മേളനം വിളിച്ചത്.
വിവരങ്ങളുടെ സമ്പൂര്‍ണ അവകാശം സര്‍ക്കാരിനാണെന്ന് സ്പ്രിംഗ്‌ളര്‍ കമ്പനിയും വിശദീകരിക്കുന്നുണ്ട്.
സര്‍ക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാല്‍ വിവരം നീക്കം ചെയ്യുമെന്നും കമ്പനി നല്‍കിയ കത്തില്‍ പറയുന്നുണ്ട്. വിവരങ്ങളുടെ പകര്‍പ്പ് സൂക്ഷിക്കാന്‍ സ്പ്രിംഗ്‌ളറിന് അനുമതിയില്ലെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ സര്‍ക്കാര്‍ രേഖകള്‍ പുറത്തുവിട്ടതിനുപിന്നാലെ കരാറില്‍ ഗുരുതര പിശകുകളുണ്ടെന്നും ഇതിലെ ദുരൂഹത നീങ്ങിയിട്ടില്ലെന്നും ആരോപിച്ച് രമേശ് ചെന്നിത്തല വീണ്ടും രംഗത്തുവന്നു.
ഡാറ്റാ തട്ടിപ്പില്‍ കേസ് നേരിടുന്ന കമ്പനിയാണിത്. നേരത്തെ റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങളും കമ്പനിക്ക് കൈമാറിയിരുന്നു. ഇന്ത്യയില്‍ ഈ കമ്പനിക്കെതിരേ നിയമനടപടി സാധ്യമല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് തട്ടിക്കൂട്ടു കരാറാണെന്നും ഇവ കമ്പനി നല്‍കിയ ഇമെയില്‍ രേഖകളാണെന്നും ചെന്നിത്തല അറിയിച്ചു.
പദ്ധതിയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കുവ്യക്തമാക്കണം. കുടുങ്ങുമെന്നുറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."