ജില്ലയില്‍ അനധികൃത പണമിടപാടുകള്‍ വ്യാപകം
നീലേശ്വരം: അനധികൃത പണമിടപാടുകള്‍ നിയന്ത്രിക്കാനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഓപറേഷന്‍ കുബേര പദ്ധതി ജില്ലയില്‍ നിര്‍ജീവം. അനധികൃത പണമിടപാടു സ്ഥാപനങ്ങളും വ്യക്തികളും ജില്ലയില്‍ വ്യാപകമാണ്. ഇത്തരം പ്രവര്‍ത്തനം പൂര്‍ണമായും നിയന്ത്രിച്ച് അമിതപ്പലിശ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനാണ് ഓപറേഷന്‍ കുബേര ആരംഭിച്ചത്. ഇതിനായി ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പിമാരെ ജില്ലാ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിരുന്നു. അനധികൃത പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ ജനങ്ങളുടെ പരാതിയിന്മേല്‍ ഉചിതമായ നടപടി സ്വീകരിക്കേണ്ട ചുമതലയും ഇവര്‍ക്കായിരുന്നു. കൂടാതെ ആഴ്ചയില്‍ ഒരു ദിവസത്തിന്റെ പകുതി പൊതുജനങ്ങളുടെ പരാതി കേള്‍ക്കാനും സ്വീകരിക്കാനുമായി മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ നിലവില്‍ ജില്ലയില്‍ ഇക്കാര്യങ്ങളൊന്നും നടക്കാത്ത സ്ഥിതിയാണുള്ളത്. അതോടെയാണ് ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമായത്. പ്രധാനമായും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന സാധാരണ കര്‍ഷകരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കൊള്ളപ്പലിശയാണ് ഇവര്‍ ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ പണം പലിശയ്ക്കു നല്‍കുന്നുണ്ട്.
ജില്ലയിലെ വിവിധ നഗരങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ പരിശോധന നടത്താനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പലപ്പോഴും പൊലിസും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായി ആരോപണമുണ്ട്. ബ്ലേഡ് സംഘത്തിനെതിരേ പരാതിയുമായി ചെല്ലുന്നവരെ പൊലിസ് ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നതായും ജനം ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."