ലോക്ക് ഡൗണില്‍ കേരളത്തിനെന്ത് ഇളവുകള്‍: തീരുമാന ഇന്നറിയാം, മന്ത്രിസഭായോഗം ഉടന്‍
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേരളത്തില്‍ നടപ്പിലാക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കോവിഡ് 19ലെ പൊതു സ്ഥിതിയും യോഗം വിലയിരുത്തും. മന്ത്രിസഭായോഗം പത്തുമണിക്കാണ് തുടങ്ങുക. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. കാര്‍ഷിക മേഖലക്കും, തോട്ടം മേഖലയ്ക്കും, പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ട നടപടികള്‍ തീരുമാനിക്കും.
തത്കാലം കൂടുതല്‍ ഇളവുകളൊന്നും കിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഗതാഗതത്തിലും മദ്യ വില്‍പ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ പൊതുമേഖലാ വ്യവസായങ്ങളായ കശുവണ്ടി, കൈത്തറി, ബീഡി എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ തീരുമാനിക്കും.
നേരത്തെ, 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് അഞ്ചില്‍ താഴെ മേഖലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിയ ഇളവുകള്‍ നല്‍കിയിരുന്നു. 21 ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തിലായിരുന്നു അത്. വര്‍ക് ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, വീടുകളില്‍ ചെന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കുന്നവര്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവയൊക്കെയായിരുന്നു അത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനമെടുക്കില്ല. സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്. ലോക്ക്ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."