കണ്ണിനു കുളിരായി ഭൂതത്താന്‍കെട്ട് വെള്ളച്ചാട്ടം
നീലേശ്വരം: കാഴ്ചക്കാരുടെ കണ്ണിനു കുളിരായി ഭൂതത്താന്‍കെട്ട് വെള്ളച്ചാട്ടം. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ പാറക്കോലിലാണ് ഭൂതത്താന്‍കെട്ട് വെള്ളച്ചാട്ടമുള്ളത്.
മഴ കനത്തതോടെ പാല്‍നുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ നിരവധിപ്പേരാണ് എത്തുന്നത്.
കാലിച്ചാമരം, കൊണ്ടോടി, കയനി, കരിന്തളം, ഓമച്ചേരി എന്നിവിടങ്ങളിലെ ഉറവകളില്‍ നിന്നെത്തുന്ന ജലമാണ് വെള്ളച്ചാട്ടമായി മാറുന്നത്.
വേനല്‍ക്കാലത്ത് വറ്റിവരളുന്ന വെള്ളച്ചാട്ടത്തിലെ വെള്ളം തടയണ കെട്ടി സംരക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
തേജസ്വിനിയില്‍ പതിക്കുന്നതിനു സമീപം തടയണ നിര്‍മിച്ചാല്‍, നിലവില്‍ ജലക്ഷാമം മൂലം ഒറ്റവിളവെടുക്കുന്ന കീഴ്മാല പാടശേഖരത്തിലെ പാറക്കോല്‍ വയലില്‍ മൂന്നുവിള കൃഷിയെടുക്കാനാകും. പ്രദേശത്ത് ജലസേചനത്തിനും പദ്ധതി സഹായകമാകും.
ഇവിടെ ചെറുകിട ജലവൈദ്യുത പദ്ധതി ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."