സഊദി തൊഴില്‍ മന്ത്രിയോട് തീരുമാനങ്ങള്‍ പുന:പരിശോധിക്കണമെന്ന് ശൂറാ അംഗവും
ജിദ്ദ: സഊദി തൊഴില്‍ മന്ത്രാലയം നേരത്തെ എടുത്ത തീരുമാനങ്ങളിലും പലതും പുന:പരിശോധിക്കണമെന്ന് തൊഴില്‍ മന്ത്രിയോട് ശൂറാ അംഗം ആവശ്യപ്പെട്ടു. ചെറുകിട ഇടത്തരം വ്യാപാര മേഖലകളെ ദോഷകരമായി ബാധിച്ച നിരവധി തീരുമാനങ്ങള്‍ പുന:പരിശോധിക്കാന്‍ ശൂറാ കൗണ്‍സില്‍ അംഗവും സാമ്പത്തിക ഊര്‍ജ്ജ കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ റഹ്മാന്‍ റാഷിദിയാണു പുതിയ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍ റാജ്ഹിയോട് ആവശ്യപ്പെട്ടത്.
താഴെക്കിടയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പകരം സഊദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനു പകരം ഉയര്‍ന്ന തസ്തികകളിലെ തൊഴിലുകളില്‍ സഊദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കലാകണം സ്വദേശിവത്ക്കരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിനാമി ബിസിനസുകള്‍ ഇല്ലാതാക്കുന്നതിനും ചില മേഖലകളിലെ വിദേശ കുത്തകകള്‍ ഇല്ലാതാക്കുന്നതിനും പരിശ്രമിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ പിന്തുണ നല്‍കണമെന്നും അബ്ദുല്‍ ഫഹ്മാന്‍ റാഷിദി ആവശ്യപ്പെട്ടു. അതേസമയം നേരത്തെ 12 പുതിയ മേഖകളില്‍ സ്വദേശിവത്ക്കരണം വളരെ വേഗത്തില്‍ നടപ്പാക്കുന്ന കാര്യത്തില്‍ പുനരാലോചന വേണമെന്നും സഊദിയിലെ വ്യവസായ മേഖലയില്‍ നിന്നുള്ള സംഘവും പുതിയ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഏതായാലും പുതിയ തൊഴില്‍ മന്ത്രിയുടെ രംഗപ്രവേശം മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമോ എന്നാണു പ്രവാസികള്‍ക്കിടയിലുള്ള പുതിയ പ്രതീക്ഷ. വ്യവസായമേഖലയുടെ എല്ലാ ചലനങ്ങളും നന്നായി അറിയുന്ന ആളായാതിനാല്‍ പല തീരുമാനങ്ങളും പുനപരിശോധിക്കുമെന്നും അതു വിദേശികള്‍ക്ക് ആശ്വാസത്തിനു വഴി തെളിയിക്കുമെന്നുമാണ് സഊദിയിലെ പ്രമുഖ വിദേശ വ്യവസായികളുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."