ലോക്ക്ഡൗണ്‍ കൊണ്ട് വൈറസിനെ തുരത്താനാവില്ല, പരിശോധനകള്‍ വ്യാപകമാക്കുക മാത്രമാണ് വഴി- മുന്നറിയിപ്പുമായി വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നടപടികള്‍ കൊണ്ട് മാത്രം രാജ്യത്തു നിന്നും കൊറോണ വൈറസിനെ തുരത്താനാവില്ലെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ വഴി കൊവിഡ് പ്രശ്നം താല്‍ക്കാലികമായി നീട്ടിവെക്കാനേ കഴിയൂ എന്നും പരിശോധനകള്‍ വ്യാപകമാക്കുക വഴി മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ ആപ് വഴി മാധ്യമങ്ങളുമായി വസതിയില്‍ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ലോക്ക്ഡൗണ്‍ വഴി കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ നമുക്കാവില്ല. ഇത് വൈറസിന്റെ വ്യാപനം കുറച്ച് കാലത്തേക്ക് തടഞ്ഞു നിര്‍ത്തുക മാത്രമാണ് ചെയ്യുക. കൊവിഡ് പരിശോധനകള്‍ വ്യാപകമാക്കുകയാണ് ഏക വഴി. ഒരു മില്യണില്‍ വെറും 199 എണ്ണം മാത്രമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പരിശോധന. ക്രമേണ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം. രോഗികളെ കണ്ടു പിടിക്കാന്‍ മാത്രമല്ല വൈറസിന്റെ സഞ്ചാര വഴി കണ്ടു പിടിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പരിശോധനകളാണ് നടക്കേണ്ടത്'- അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്റെ വിജയവും അദ്ദേഹം എടുത്തു പറഞ്ഞു.
കുറഞ്ഞ തുക സാമ്പത്തിക സഹായമായി എല്ലാവര്‍ക്കും നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ഈ ദുരന്ത സമയത്ത് പരസ്പരം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുമിച്ച് നേരിടുകയാണ് വേണ്ടത്. ലഭ്യമായ വിഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കൊവിഡ് രൂക്ഷമായ ജില്ലകള്‍ക്കും വിതരണം ചെയ്യണം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും രാഹുല്‍ നല്‍കി. തൊഴില്‍ നഷ്ടപ്പെടുന്നതിന്റെ ആദ്യഘട്ടത്തിലാണ് രാജ്യമെന്നു പറഞ്ഞ രാഹുല്‍ താന്‍ പറയുന്ന കാര്യങ്ങള്‍ വിമര്‍ശനങ്ങള്‍ മാത്രമായി കാണരുതെന്നും ആവര്‍ത്തിച്ചു.
നമുക്ക് ജീവനുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. അതിനൊപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരാതെ നോക്കുകയും വേണം. സംസ്ഥാനങ്ങളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."