കൊല്ലത്ത് പിതാവിനെ തോളിലേറ്റി പോയ സംഭവം; പൊലിസ് പറയുന്നത് ഇതാണ്
കൊല്ലം: ലോക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ പൊലിസ് വാഹനം തടയുകയും രോഗിയായ പിതാവിനെ മകന്‍ എടുത്തുകൊണ്ട് നടക്കേണ്ടി വന്ന സംഭവം അടിസ്ഥാന രഹിതമെന്ന വെളിപ്പെടുത്തലുമായി പൊലിസ്. ബുധനാഴ്ച ഉച്ചയ്ക്ക് പുനലൂര്‍ തൂക്കുപാലത്തിന് സമീപമായിരുന്നു സംഭവം. കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയില്‍ പെരുമ്പള്ളിക്കുന്ന് വീട്ടില്‍ റോയ് പിതാവ് ഐപ്പ് ജോര്‍ജ്ജിനേയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഇന്നലെ ഉച്ചക്ക് ആണ് എത്തിയത്.
ലോക്ക് ഡൗണിന്റെ ഭാഗമായി പുനലൂര്‍ എസ്.എച്ച്.ഓ വാഹനം പരിശോധിച്ച് വരിക ആയിരുന്നു. ഇവരുടെ വാഹനവും തടഞ്ഞ് പരിശോധിച്ചു. എന്നാല്‍ എവിടേക്ക് പോകുന്നു എന്ന സത്യവാങ്മൂലം ഇല്ലാത്തതിനാല്‍ വാഹനം കടത്തി വിട്ടില്ല.
ഇതോടെ വാഹനം അവിടെ തന്നെ നിര്‍ത്തി ഇട്ട ശേഷം തൊട്ട് അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് ഐപ്പ് ജോര്‍ജിനേയും കൂട്ടി നടന്നാണ് റോയ് പോയത്. പരിശോധനയ്ക്കു ശേഷം തിരികെ മറ്റൊരു ഓട്ടോയില്‍ തൂക്ക് പാലത്തിന് സമീപത്തേയ്ക്ക് എത്തിയെങ്കിലും പൊലിസ് വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇവരെ അമ്പത് മീറ്റര്‍ അകലെ ഇറക്കി വിടുകയായിരുന്നു.
തുടര്‍ന് റോയ് തന്റെ വാഹനമെടുക്കാന്‍ പോയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടു, തുടര്‍ന്ന് റോയ് പിതാവ് ജോര്‍ജ്ജിനെ എടുത്ത് കൊണ്ട് നടക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍, രോഗിയുമായി പോയവാഹനം പൊലിസ് തടഞ്ഞതിനാല്‍ മകന്‍ പിതാവിനെ ചുമലിലേറ്റി നടന്നു എന്ന തരത്തില്‍ പ്രചാരണം നടത്തുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്.സംഭവത്തില്‍ മാധ്യമ വാര്‍ത്തകളെത്തുടര്‍ന്ന് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."