രാജ്യസഭ: ഉണ്ണിത്താനെ വിമതനായി മത്സരിപ്പിക്കാന്‍ അണിയറ നീക്കം
കൊല്ലം: രാജ്യസഭാ സീറ്റുവിവാദം യു.ഡി.എഫിലും കോണ്‍ഗ്രസിലും സൃഷ്ടിച്ച പ്രതിസന്ധിയുടെ ആഴംകൂട്ടി, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ വിമതനായി മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിന്റെ അണിയറ നീക്കം.
യുവ എം.എല്‍.എമാര്‍ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ ഉണ്ണിത്താനുമേല്‍ സമ്മര്‍ദവുമായി രംഗത്തെത്തിയത്. തനിക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിക്കണമെന്ന് സ്ഥാനമൊഴിയുന്ന രാജ്യസഭാംഗം പി.ജെ കുര്യന്‍ ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതുവരെയുള്ള മൗനം വെടിഞ്ഞ് താന്‍ രംഗത്തെത്തുമെന്നും പാര്‍ട്ടിക്ക് പുറത്തുപോയാലും അതിനും മടിക്കില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ ഉണ്ണിത്താന്‍ വെട്ടിത്തുറന്നു പറഞ്ഞിരുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കുകയും പാര്‍ട്ടിക്കുവേണ്ടി വാദമുഖങ്ങള്‍ നിരത്തുകയും ചെയ്യുന്ന ഉണ്ണിത്താനെ പരിഗണിക്കണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്.
കോണ്‍ഗ്രസിലെ കലാപം മുന്നില്‍ക്കണ്ട് മൂന്നാമത് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സി.പി.എം ആലോചിച്ചിരുന്നെങ്കിലും കോണ്‍ഗ്രസില്‍നിന്ന് വിമത സ്ഥാനാര്‍ഥിയുണ്ടായാല്‍ പിന്തുണക്കാമെന്ന നിലപാടിലാണ് സി.പി.എം. ഉണ്ണിത്താന്‍ രംഗത്തുവന്നാല്‍ 2003ല്‍ വയലാര്‍ രവിക്കും തെന്നലക്കുമെതിരേ കോടോത്തുഗോവിന്ദന്‍നായര്‍ മത്സരിച്ചതിന് തുല്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."